Wednesday, December 17, 2025

തലമുറ മാറ്റത്തിനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ! ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ

ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും പ്രവർത്തകരും അദ്ദേഹത്തിനായി ഒരുക്കിയിരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയും അദ്ദേഹത്തെ സ്വീകരിച്ചു.

പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകുക എന്നതാണ് വർക്കിംഗ് പ്രസിഡൻ്റ് എന്ന നിലയിൽ നബിൻ്റെ പ്രധാന ദൗത്യം. ഈ തെരഞ്ഞെടുപ്പുകൾക്ക് മുൻപ് പുതിയ ദേശീയ അദ്ധ്യക്ഷനെ പ്രഖ്യാപിക്കുന്നതുവരെ അദ്ദേഹം പാർട്ടിയെ നയിക്കും

നിലവിൽ പാട്നയിലെ ബാങ്കിപ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും ബിഹാറിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമാണ് അദ്ദേഹം. കായസ്ഥ സമുദായത്തില്‍പ്പെട്ട നിതിൻ നബിൻ, അന്തരിച്ച ബി.ജെ.പി. നേതാവ് നബീന്‍ കിഷോര്‍ സിന്‍ഹയുടെ മകനാണ്.

ദേശീയതലത്തില്‍ ബിജെപിയിലെ തലമുറ മാറ്റത്തിനുള്ള സൂചനയാണ് നിതിന്‍ നബീനിലൂടെ പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്നത്. ബിജെപി അദ്ധ്യക്ഷനായ ജെ.പി നദ്ദയ്ക്ക് പകരം നിതിന്‍ ദേശീയ അദ്ധ്യക്ഷനായേക്കുമെന്നും സൂചനയുണ്ട്. എബിവിപിയിലൂടെയാണ് നിതിന്‍ നബിൻ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. അച്ഛന്റെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ 2000 ല്‍ ആണ് ആദ്യമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. 2010 മുതൽ 2025 വരെ വിജയം ആവർത്തിച്ചു. ഇക്കാലയളവിൽ നഗരവികസനം, അടിസ്ഥാന സൗകര്യവികസനം എന്നീ മേഖലകളില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു.

ബിജെപിയുടെ യുവജന വിഭാഗമായ യുവമോര്‍ച്ചയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നിതിന്‍ നബിനെ ഛത്തീസ്ഗഢിലെ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ നിരവധി പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് ചുമതലകളും നല്‍കിയിരുന്നു. ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിൽ തിരിച്ചെത്തി. ഭരണനിര്‍വഹണത്തിലും ജനങ്ങള്‍ക്കിടയിലുള്ള പ്രവര്‍ത്തനത്തിനും അനുഭവപരിചയമുള്ള നേതാവായാണ് നിതിന്‍ നബിനെ വിശേഷിപ്പിക്കുന്നത്.

Related Articles

Latest Articles