Saturday, December 13, 2025

പാലസ്തീൻ തീവ്രവാദികൾ ക്രൂരമായി കൊന്ന യുവതിയെ തിരിച്ചറിഞ്ഞു ! ജർമ്മൻ യുവതിയുടെ മൃതദേഹമെങ്കിലും തിരികെ നൽകണമെന്ന അപേക്ഷയുമായി അമ്മ

ജറുസലം : ഇസ്രായേലിൽ കടന്നു കയറിയ ശേഷം പാലസ്തീൻ തീവ്രവാദികൾ ഒരു യുവതിയുടെ മൃതദേഹം അർദ്ധ നഗ്നയാക്കി ചവിട്ടിയും തുപ്പിയും ട്രക്കിൽ നഗര പ്രദക്ഷിണം നടത്തിയതിന്റെ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു.

കാലിലെ ടാറ്റു കണ്ട് യുവതിയുടെ അമ്മ തന്നെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ടാറ്റൂ കലാകാരിയും ഇസ്രയേൽ–ജർമൻ പൗരയുമായ ഷാനി ലൂക്ക് (30) ആണ് ഹമാസ് ആക്രമണത്തിൽ മരിച്ചത്. ഒരു പിക്കപ്പ് ട്രക്കിന്റെ പിന്നിൽ ഷാനി ലൂക്കിന്റെ മൃതദേഹവും വഹിച്ച് ഹമാസ് സംഘം പരേഡ് നടത്തുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ കണ്ടാണ് ഷാനിയുടെ അമ്മ റിക്കാർഡ, തന്റെ മകളുടെ മരണവാർത്ത അറിയുന്നത്. മകളുടെ മൃതദേഹമെങ്കിലും വിട്ടുതരണമെന്ന് അവർ അപേക്ഷിച്ചു. പാലസ്തീൻ – ഇസ്രയേൽ അതിര്‍ത്തിക്കടുത്ത് നടന്ന ഒരു സംഗീത പരിപാടിയില്‍ പങ്കുചേരാനായാണ് ഷാനി ലൂക് ഇവിടെയെത്തിയത്. മൃതദേഹം ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥയുടേതാണ് എന്ന അവകാശ വാദത്തോടെയായിരുന്നു മൃതദേഹത്തോടുള്ള ഹമാസ് സംഘത്തിന്റെ ക്രൂരത.

അതിനിടെ, മകളുടെ മൃതദേഹമെങ്കിലും തിരികെ നൽകണമെന്ന് അപേക്ഷിച്ച് റിക്കാർഡ സമൂഹ മാദ്ധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചു. ‘ഇന്നു രാവിലെ എന്റെ മകൾ ഷാനി ലൂക്കിനെ തെക്കൻ ഇസ്രയേലിൽനിന്ന് ഹമാസ് സംഘം തട്ടിക്കൊണ്ടുപോയി. പാലസ്തീനികൾക്കൊപ്പം അവൾ കാറിൽ അബോധാവസ്ഥയിൽ കിടക്കുന്നത് വിഡിയോയിൽ വ്യക്തമായി കാണാം. അവളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഞങ്ങളെ അറിയിക്കണം.’ – മൊബൈൽ ഫോണിൽ ഷാനിയുടെ ചിത്രം കാണിച്ച് റിക്കാർഡ പറഞ്ഞു.

Related Articles

Latest Articles