ഹൈദരാബാദ് : യുവതിയെ കൊന്ന് കഷണങ്ങളാക്കിയ ശേഷം പ്രഷർകുക്കറിൽ വേവിച്ച് കായലിൽ തള്ളിയ ഭർത്താവ് അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശിനിയായ വെങ്കട്ട മാധവിയെന്ന(35) യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഗുരുമൂർത്തിയെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം16-നാണ് മാധവിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടം മുതലേ പോലീസിന് ഗുരുമൂർത്തിയെ സംശയമുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
മാധവിയെ കൊലപ്പെടുത്തിയശേഷം ശുചിമുറിയിൽവെച്ചാണ് മൃതദേഹം ഇയാൾ വെട്ടിനുറുക്കിയത്. തുടർന്ന് മാംസവും എല്ലുകളും വേർപ്പെടുത്തുകയായിരുന്നു. ആദ്യം മാംസം വേവിക്കുകയും പിന്നീട് കീടനാശിനി ഉപയോഗിച്ച് എല്ലുകൾ കുക്കറിലിട്ട് തിളപ്പിക്കുകയും ചെയ്തു. മൂന്നുദിവസങ്ങളെടുത്താണ് പ്രതി മുഴുവൻ ശരീരഭാഗങ്ങളും വേവിച്ചെടുത്തത്. തുടർന്ന് ഇവ കായലിൽ തള്ളുകയായിരുന്നു.ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. ദമ്പതിമാർ തമ്മിൽ നിരന്തരം വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. നിലവിൽ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല

