Monday, December 15, 2025

പൂജപ്പുര ജയിൽ കഫറ്റീരിയയിലെ മോഷണം!! മുൻ തടവുകാരൻ അബ്ദുല്‍ഹാദി പിടിയിൽ

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ കഫറ്റീരിയയില്‍നിന്ന് നാലേകാൽ ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ഒരാൾ പിടിയിൽ. ജയിലിലെ മുന്‍ തടവുകാരനും തിരുവനന്തപുരം പോത്തൻകോട് സ്വദേശിയുമായ അബ്ദുല്‍ഹാദിയാണ് പിടിയിലായത്. തിരുവല്ലയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. മോഷണക്കേസില്‍ ശിക്ഷ അനുഭവിച്ചിരുന്ന സമയത്ത് ഇയാൾ കാന്റീനില്‍ ജോലി ചെയ്തിരുന്നതായാണ് വിവരം. ജയില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം തടവുകാരും താത്കാലിക ജീവനക്കാരും കഫറ്റീരിയയില്‍ ജോലിചെയ്യാറുണ്ട്.

കഫറ്റീരിയ കെട്ടിടത്തിന്റെ പിന്നിലെ ചില്ലുകള്‍ തകര്‍ത്ത് അകത്തുകയറി ഓഫീസിന്റെ വാതില്‍ തുറന്നാണ് മൂന്ന് ദിവസത്തെ കളക്ഷൻ പണം പ്രതി കവർന്നത്.. കഴിഞ്ഞ 18-ാം തീയതി പുലര്‍ച്ചെ നാലരയ്ക്കാണ് മോഷണവിവരം അറിയുന്നത്. ആഴ്ചാവസാനമായതിനാല്‍ കൂടുതല്‍ പണം കഫറ്റീരിയയില്‍ സൂക്ഷിച്ചിരിക്കും എന്നറിയാവുന്നയാളാണ് മോഷണത്തിനു പിന്നിലെന്നും അധികൃതര്‍ക്ക് സംശയമുണ്ടായിരുന്നു.ദൃശ്യങ്ങള്‍ പതിയാതിരിക്കാന്‍ സിസിടിവി ക്യാമറകള്‍ മുകളിലേക്ക് ഉയര്‍ത്തിവെച്ച നിലയിലായിരുന്നു.

Related Articles

Latest Articles