പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിലെ പ്രതികൾക്ക് പാലക്കാട് ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. പ്രതികളായ പ്രഭുകുമാര്‍, കെ സുരേഷ് കുമാര്‍ എന്നിവർക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.പ്രതികള്‍ അരലക്ഷം രൂപ വീതം പിഴയും നല്‍കണം. പിഴത്തുക കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയ്ക്കു നല്‍കണമെന്നും പാലക്കാട് അഡിഷണല്‍ സെഷന്‍സ് കോടതി വിധിച്ചു
എന്നാൽ കോടതിവിധി തൃപ്തികരമല്ലെന്നാണ് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത പ്രതികരിച്ചത് . സർക്കാരിന് അപ്പീൽ നൽകുമെന്നും ഹരിത പറഞ്ഞു ഇതരജാതിയില്‍പെട്ട യുവതിയെ വിവാഹം ചെയ്തതിനാണ് വിവാഹംകഴിഞ്ഞ് 88-ാം ദിവസം പാലക്കാട് ഇലമന്ദം കൊല്ലത്തറയില്‍ അനീഷിനെ പ്രതികള്‍ കൊലപ്പെടുത്തിയത്.സാമ്പത്തികമായി ഉയർന്നനിലയിലുള്ള ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതാണ് കൊലപാതകത്തിന് കാരണം. അതേസമയം പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അനീഷിന്‌റെ കുടുംബാംഗങ്ങല്‍ക്കു ധനസഹായം നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നടന്നത് അതിക്രൂരമായ കൊലപാതകം അല്ലെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്‌റെ വാദം.

