പകരമോടിക്കാൻ ബസുകളില്ലാത്തതിനാൽ 15 വര്‍ഷത്തിലേറെ പഴക്കമുള്ള കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സംസ്ഥാനത്ത് തുടര്‍ന്നും ഓടിക്കും. ഇവയുടെ രജിസ്ട്രേഷന്‍ റദ്ദാക്കിക്കൊണ്ട് കേന്ദ്രതീരുമാനമുണ്ടെങ്കിലും മോട്ടോര്‍ വാഹനനിയമപ്രകാരം വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയിലാണ്. അതെ സമയം പൊളിക്കൽ പട്ടികയിലുള്ള മറ്റ് സര്‍ക്കാര്‍വാഹനങ്ങള്‍ക്ക് ഈ ഇളവ് ബാധകമാകില്ല.
ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ‘വാഹന്‍’ സോഫ്റ്റ്വെയർ കരിമ്പട്ടികയിലേക്ക് മാറ്റിയതില്‍ 1622 കെ.എസ്.ആര്‍.ടി.സി. വാഹനങ്ങളും 884 സര്‍ക്കാര്‍വാഹനങ്ങളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. 15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍വാഹനങ്ങള്‍ പൊളിക്കാനുള്ള തീരുമാനത്തെത്തുടര്‍ന്നാണ് ഈ വണ്ടികള്‍ കരിമ്പട്ടികയില്‍പ്പെടുത്തിയത്. ഇവയുടെ രജിസ്ട്രഷനും റദ്ദാക്കിയിരുന്നു. എന്നാൽ ഇതില്‍ 245 കെ.എസ്.ആര്‍.ടിസി. ബസുകള്‍ നിലവില്‍ സര്‍വീസ് നടത്തുന്നവയാണ്. ഇവ തുടര്‍ന്നും ഓടിക്കാനാണ് സംസ്ഥാനം അനുമതി നല്‍കുന്നത്.
അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പഴയവാഹനങ്ങള്‍ പൊളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. അതിനാല്‍ കേന്ദ്രതീരുമാനത്തെ സംസ്ഥാനസര്‍ക്കാര്‍ കണ്ണടച്ച് എതിര്‍ക്കില്ലെങ്കിലും ബസുകള്‍ പിന്‍വലിക്കുന്നതുവഴിയുണ്ടാകുന്ന യാത്രാക്ലേശം ഭീകരമാകും.അതിനാൽ ഇക്കാര്യത്തിൽ സാവകാശം തേടും.

