ഹൈദരാബാദ് : മോഷ്ടിക്കാൻ കയറിയ സ്ഥലത്ത് ഒന്നും കിട്ടാതെ കയ്യിലെ കാശുവച്ച് മടങ്ങി കള്ളൻ. തെലങ്കാനയിലെ മഹേശ്വരത്താണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.
കഴിഞ്ഞ ദിവസമാണ് തെലങ്കാനയിലെ മഹേശ്വരത്തെ ഒരു ഹോട്ടലിൽ കള്ളൻ കയറിയത്. കൈയിലുണ്ടായിരുന്ന ആയുധമുപയോഗിച്ച് പൂട്ട് തകർത്തായിരുന്നു കള്ളൻ ഹോട്ടലിൽ കയറിയത്. തുടർന്ന് അകത്ത് കടന്ന കള്ളൻ പൈസ സൂക്ഷിക്കുന്ന സ്ഥലത്തെത്തിയെങ്കിലും ചില്ലറ പൈസ പോലും കിട്ടിയില്ല. ഇതോടെ വിലപിടിപ്പുള്ള എന്തെങ്കിലും മോഷ്ടിക്കാമെന്നായി കള്ളന്റെ ചിന്ത. എന്നാൽ അവിടെയും നിരാശയായിരുന്നു ഫലം. തുടർന്ന് അടുക്കളയിൽ പോയിട്ടും ഒന്നും കിട്ടിയില്ല. ഇതോടെ നിരാശനായ കള്ളൻ കൂടുതൽ സമയം പാഴാക്കാതെ മടങ്ങാമെന്ന് ചിന്തിക്കുകയായിരുന്നു.
അതേസമയം, ഒന്നും ലഭിക്കാത്ത ദേഷ്യം അടക്കാനാകാതെ കള്ളൻ സിസിടിവിയ്ക്ക് മുൻപിൽ വന്ന് ഉടമയെ ചീത്ത വിളിക്കുകയും ചെയ്തു. ഒരു രൂപ പോലും ഇവിടെ നിന്നും കിട്ടിയില്ല. നമിച്ചു, എന്നായിരുന്നു കള്ളൻ ക്യാമറ നോക്കി പറഞ്ഞത്. ഇതിന് ശേഷം ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി വെള്ളം എടുത്ത കള്ളൻ 20 രൂപ മേശയ്ക്ക് മുകളിൽ വച്ചശേഷമാണ് മടങ്ങിയത്. രാവിലെ കട തുറക്കാൻ എത്തിയ ഉടമ, വാതിൽ തകർന്നു കിടക്കുന്നത് കണ്ടതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്.

