ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ മുംബൈ നോർത്ത് വെസ്റ്റ് സീറ്റിൽ വോട്ടെണ്ണൽ യന്ത്രം ഹാക്ക് ചെയ്തുവെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ.മൊബൈൽ ഫോൺ ഉപയോഗിച്ച് ഇ.വി.എം അൺലോക്ക് ചെയ്യാൻ സാധിക്കില്ലെന്നും മാത്രമല്ല യാതൊരു രീതിയിലും പുറത്തുനിന്നുള്ള ആശയവിനിമയത്തിനുള്ള സാധ്യതയും യന്ത്രത്തിൽ ഇല്ലെന്നും റിട്ടേണിങ് ഓഫീസർ വന്ദന സൂര്യവംശി പറഞ്ഞു.
മുംബൈ നോര്‍ത്ത് വെസ്റ്റില്‍നിന്നുള്ള ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ പക്ഷം) എംപി രവീന്ദ്ര വയ്ക്കറുടെ ബന്ധുവിനെ ഇവിഎം അണ്‍ലോക്ക് ചെയ്യാന്‍ കഴിയുന്ന ഫോണ്‍ ഉപയോഗിച്ചതിന് പോലീസ് പിടികൂടിയെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 48 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച വയ്ക്കറിന്റെ ബന്ധുവായ മങ്കേഷ് പണ്ടില്‍ക്കർ ഇ.വി.എം അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കുന്ന ഫോണ്‍ ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം.
“മൊബൈൽ ഫോൺ ഉപയോഗിച്ച് ഇവിഎം അൺലോക്ക് ചെയ്യാൻ സാധിക്കില്ല. യാതൊരു രീതിയിലും പുറത്തുനിന്നുള്ള ആശയവിനിമയത്തിനുള്ള സാധ്യതയും യന്ത്രത്തിൽ ഇല്ല. ഇ.വി.എം പ്രവർത്തിക്കാൻ ഒടിപിയുടെ ആവശ്യമില്ല. ഒരു ബട്ടൺ വഴിയാണ് ഫലങ്ങൾ വ്യക്തമാകുന്നത്. നിലവിൽ പുറത്തുവരുന്ന അഭിപ്രായപ്രകടനങ്ങൾ പ്രചരിപ്പിക്കപ്പെടുന്ന നുണയെ അടിസ്ഥാനമാക്കിയാണ്” – വന്ദന സൂര്യവംശി പറഞ്ഞു

