കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികള്‍ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി. ദുരന്തത്തിൽ മരിച്ച 23 മലയാളികൾ ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പൊതുദർശനത്തിനു വച്ചപ്പോൾ നാടാകെ വിതുമ്പുകയായിരുന്നു. രാവിലെ 10.30ഓടെ ആണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൃതദേഹങ്ങളുമായെത്തിയ വിമാനം ലാന്‍ഡ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും റീത്ത് സമര്‍പ്പിച്ച് അന്തിമോപചാരമര്‍പ്പിച്ചു. ശേഷം മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അന്തിമോപചാരമര്‍പ്പിച്ചു. പൊതുദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് 12.30ഓടെ ജന്മനാടുകളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോയി തുടങ്ങി. തമിഴ്നാട്ടുകാരായ 7 പേരുടെയും മൃതദേഹം ആംബുലന്‍സുകളില്‍ അവരുടെ സ്വദേശത്തേക്ക് കൊണ്ട് പോകും.
ദുരന്തത്തിൽ പരിക്കേറ്റവരില്‍ ഏഴുപേര്‍ ഗുരുതരാവസ്ഥയിലാണെന്ന് നോര്‍ക്ക സിഇഒ അജിത്ത് കൊളശ്ശേരി പറഞ്ഞു. മരിച്ച രണ്ട് പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പരിക്കേറ്റവരുടെ തുടര്‍ ചികിത്സയ്ക്ക് നോർക്ക ആവശ്യമായ സഹായങ്ങൾ നൽകും. നിലവിൽ 57 പേരാണ് ആശിപത്രികളിൽ തുടരുന്നത്, ഇതിൽ 12 പേർ ഡിസ്ചാർജായിട്ടുണ്ട്. ഇതിൽ 5 പേർ മലയാളികളാണ്. ഏകദേശം 25 ൽ അധികം മലയാളികൾ ആശുപത്രിയിലാണ്. ഇതിൽ മലയാളികൾ അടക്കമുള്ള 7 പേരുടെ ആരോഗ്യനിലയാണ് ഗുരുതരാവസ്ഥയിൽ തുടരുന്നത്.

