ദില്ലി : പാലക്കാട് ശ്രീനിവാസൻ വധക്കേസ് പ്രതികളായ 17 പിഎഫ്ഐ ഭീകരർക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. ജാമ്യം നൽകിയതിൽ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഓരോ ഭീകരന്റെയും പങ്ക് പ്രത്യേകം പരിശോധിക്കാതെയാണ് ഉത്തരവെന്നും ചൂണ്ടിക്കാട്ടി. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ നല്‍കിയ ഹർജിയില്‍ പ്രതികള്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു. ജാമ്യം നിഷേധിച്ച പ്രതികളുടെ ഹർജി അടുത്തമാസം 13 നു വീണ്ടും പരിഗണിക്കും.
ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനത്തെ തുടർന്നെടുത്ത കേസിലുമായി എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഉസ്മാനടക്കം 17 പ്രതികൾക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.കരമന അഷറഫ് മൗലവി, അബ്ദുൾ റൗഫ് ഉൾപ്പെടെയുള്ള പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.ശ്രീനിവാസൻ വധക്കേസിൽ ഒമ്പത് പ്രതികൾക്കും പിഎഫ്ഐ നിരോധനവുമായി ബന്ധപ്പെട്ട കേസിൽ എട്ട് പ്രതികൾക്കുമാണ് ജാമ്യം അനുവദിച്ചത്. സാദിഖ് അഹമ്മദ്, ഷിഹാസ്, മുജാബ്,നെജിമോൻ, സൈനുദ്ദീൻ, പി കെ ഉസ്മാൻ,സി.ടി.സുലൈമാൻ, രാഗം അലി ഫയാസ് ,അക്ബർ അലി, നിഷാദ്,റഷീദ് കെ.ടി, സെയ്ദാലി എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
സംസ്ഥാനം വിട്ടുപോകരുത്, പാസ്പോർട്ട് ഹാജരാക്കണം, ജാമ്യം ലഭിച്ച പ്രതികൾ ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോഗിക്കാവൂ എന്നിങ്ങനെയാണ് ജാമ്യവ്യവസ്ഥകൾ. മൊബൈൽ ഫോണിലെ ജിപിഎസ് പ്രവർത്തനക്ഷമമായിരിക്കണമെന്നും നിർദ്ദേശമുണ്ട്.

