ഇസ്ലാമാബാദ് : ഓപ്പറേഷൻ സിന്ദൂറിലൂടെ ഭാരതം നടത്തിയ തിരിച്ചടിയിൽ രക്ഷയില്ലാതെ വന്നതോടെ വെടിനിർത്തലിനായി ഭാരതത്തോട് അപേക്ഷിക്കുകയായിരുന്നുവെന്ന് തുറന്നു സമ്മതിച്ച് പാകിസ്ഥാൻ. പാക് ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദറിന്റേതാണ് വെളിപ്പെടുത്തൽ. വ്യോമത്താവളങ്ങളിൽ കനത്ത ആക്രമണം നടന്നതോടെ വെടിനിർത്തലിനായി ഭാരതത്തോട് അഭ്യർത്ഥിക്കാൻ തങ്ങൾ നിർബന്ധിതരാകുകയായിരുന്നെന്ന് ഇസ്ഹാഖ് ദർ ഒരു ചാനൽ അഭിമുഖത്തിൽ വെളിപ്പെടുത്തി.
“ഓപ്പറേഷൻ സിന്ദൂറിൽ റാവൽപിണ്ടിയിലേയും പഞ്ചാബ് പ്രവിശ്യയിലേയും രണ്ട് വ്യോമതാവളങ്ങൾ ഇന്ത്യ ആക്രമിച്ചു. ഈ ഘട്ടത്തിൽ മധ്യസ്ഥതയ്ക്കായി സഹായംതേടി അമേരിക്കയെയും സൗദി അറേബ്യയേയും സമീപിച്ചു. പുലർച്ചെ 2.30-ന് ഇന്ത്യ മിസൈൽ ആക്രമണം നടത്തി. നൂർ ഖാൻ വ്യോമതാവളവും ഷോർകോട്ട് വ്യോമതാവളവും അവർ ആക്രമിച്ചു. 45 മിനിറ്റിനുള്ളിൽ സൗദി രാജകുമാരൻ ഫൈസൽ എന്നെ വിളിച്ചു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള സംഭാഷണത്തെക്കുറിച്ച് അറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി സംസാരിച്ച് വെടിനിർത്തലിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, നിങ്ങൾ തയ്യാറാകുമോ എന്ന് ചോദിച്ചു. തയ്യാറാണെന്ന് ഞാൻ പറഞ്ഞു. പിന്നീട് അദ്ദേഹം എന്നെ തിരികെ വിളിച്ചു, എസ്. ജയശങ്കറുമായി സംസാരിച്ച് ഇക്കാര്യം അറിയിച്ചുവെന്ന് പറഞ്ഞു.”- ദർ വ്യക്തമാക്കി.

