കൊല്ലം : കൊല്ലത്ത് സ്കൂൾകെട്ടിത്തിന് മുകളിലെ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ ഗുരുതരാരോപണവുമായി നാട്ടുകാർ. ലൈൻ മാറ്റി സ്ഥാപിക്കാൻ പലതവണ കെഎസ്ഇബിയോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല എന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അന്വേഷണച്ചുമതല നൽകി. വിഷയത്തിൽ വിശദാന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ വൈദ്യുതമന്ത്രിയും നിർദേശം നൽകിയിട്ടുണ്ട്. ചീഫ് ഇക്ട്രിക്കൽ ഇൻസ്പെക്ടറും കെഎസ്ഇബിയും സംഭവം അന്വേഷിക്കും. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുൻ (13) ആണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ബെഞ്ച് എടുത്ത് ഷീറ്റിനുമേൽ വെച്ചശേഷമായിരുന്നു ചെരിപ്പെടുക്കാനുള്ള ശ്രമം. തെന്നിയപ്പോൾ വീഴാതിരിക്കാൻ വേണ്ടി കൈ നീട്ടിയത് തൊട്ടടുത്തുള്ള ത്രീ ഫെയ്സ് ലൈനിലായിരുന്നു. തൊട്ടടുത്തുള്ള വീട്ടിലേക്കുള്ള വൈദ്യുത ലൈനായിരുന്നു ഇത്.
ഷോക്കേറ്റത് കണ്ട് ഓടിയെത്തി അദ്ധ്യാപകർ ഉടൻ തന്നെ ഓടിപ്പോയി ട്രാൻസ്ഫോർമർ ഓഫ് ചെയ്തു. കുട്ടിയെ മേൽക്കൂരയിൽ നിന്ന് താഴെയിറക്കി ശാസ്താം കോട്ട ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

