Friday, December 19, 2025

മനുഷ്യൻ കണ്ടെത്തുന്ന ആദ്യ അന്യഗ്രഹ ജീവികൾ അവരായിരിക്കും !!! ഞെട്ടിക്കുന്ന പഠനം പുറത്ത്

പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും എന്നതിനേക്കാൾ പ്രധാനമാണ് നാം ആരെയായിരിക്കും ആദ്യം കണ്ടെത്തുക എന്നത്. ശാസ്ത്രലോകത്തെ പ്രമുഖനായ ഡേവിഡ് കിപ്പിംഗ് തന്റെ പുതിയ പഠനമായ ‘ദ എസ്കേഷ്യൻ ഹൈപ്പോതിസിസ്’ എന്ന പ്രബന്ധത്തിലൂടെ ഇതിനെക്കുറിച്ച് വിപ്ലവകരമായ ഒരു കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നു. സാധാരണ പ്രപഞ്ചവസ്തുക്കളെ നാം എങ്ങനെ കണ്ടെത്തുന്നു എന്നതിനെ അടിസ്ഥാനമാക്കി, നമ്മൾ ആദ്യം കണ്ടുമുട്ടാൻ സാധ്യതയുള്ള അന്യഗ്രഹ ജീവികൾ അവയുടെ നാശത്തിന്റെ വക്കിലെത്തി നിൽക്കുന്നതോ അല്ലെങ്കിൽ അസാധാരണമാംവിധം ശബ്ദായമാനമായതോ ആയ വർഗ്ഗങ്ങളായിരിക്കും എന്നാണ് അദ്ദേഹം വാദിക്കുന്നത്.

പ്രപഞ്ചത്തിൽ നാം ആദ്യം ശ്രദ്ധിക്കുന്നത് എപ്പോഴും എടുത്തുനിൽക്കുന്ന സവിശേഷതകളുള്ള വസ്തുക്കളെയാണ്. ഒന്നുകിൽ അവ അമിതമായി തിളങ്ങുന്നവയാകാം, അല്ലെങ്കിൽ ഭീമാകാരമായ വലിപ്പമുള്ളവയാകാം. ഉദാഹരണമായി പറഞ്ഞാൽ 1990-കളിൽ നാം ആദ്യമായി കണ്ടെത്തിയ സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങൾ ഭീമൻ നക്ഷത്രങ്ങളെ വലംവെക്കുന്നവയായിരുന്നു. പ്രപഞ്ചത്തിലെ ഒരു വലിയൊരു വിളക്കുമാടം പോലെ പ്രവർത്തിക്കുന്ന പൾസാറുകൾക്ക് ചുറ്റുമുള്ള ഗ്രഹങ്ങളെ കണ്ടെത്തുക എളുപ്പമാണ്. എന്നാൽ നാസയുടെ കണക്കുകൾ പരിശോധിച്ചാൽ ആറായിരത്തോളം എക്സോപ്ലാനറ്റുകളിൽ വെറും പത്ത് എണ്ണം മാത്രമാണ് ഇത്തരത്തിലുള്ളവ. അതായത്, നാം ആദ്യം കണ്ടു എന്നതുകൊണ്ട് അവ പ്രപഞ്ചത്തിലെ പൊതുവായ ഗ്രഹങ്ങളുടെ സ്വഭാവത്തെ പ്രതിനിധീകരിക്കുന്നില്ല. നമ്മൾ കാണുന്നത് അവയുടെ സിഗ്നലുകളുടെ തീവ്രത കൊണ്ടാണ്.

നക്ഷത്രങ്ങളുടെ കാര്യത്തിലും ഈ നിയമം ബാധകമാണ്. രാത്രി ആകാശത്ത് നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഏകദേശം 2,500 നക്ഷത്രങ്ങളിൽ മൂന്നിലൊന്ന് ഭാഗവും അവയുടെ അവസാന ഘട്ടത്തിലെത്തിയ ഭീമൻ നക്ഷത്രങ്ങളാണ്. എന്നാൽ പ്രപഞ്ചത്തിലെ നക്ഷത്രങ്ങളുടെ ആകെ കണക്കെടുത്താൽ ഇത്തരം ഭീമൻ നക്ഷത്രങ്ങൾ വളരെ കുറഞ്ഞ ശതമാനം മാത്രമേയുള്ളൂ. അവ നൽകുന്ന ശക്തമായ പ്രകാശ സിഗ്നലുകൾ കാരണമാണ് നാം അവയെ മാത്രം കാണുന്നത്. ഇതേ യുക്തി അന്യഗ്രഹ നാഗരികതകളെ കണ്ടെത്തുന്നതിലും പ്രയോഗിക്കാമെന്ന് കിപ്പിംഗ് പറയുന്നു. നമ്മൾ ഒരു അന്യഗ്രഹ നാഗരികതയെ കണ്ടെത്തുന്നുണ്ടെങ്കിൽ അത് ആ വർഗ്ഗത്തിന്റെ പൊതുവായ സ്വഭാവമായിരിക്കില്ല, മറിച്ച് അസാധാരണമായ എന്തെങ്കിലും സിഗ്നലുകൾ പുറപ്പെടുവിക്കുന്ന പ്രത്യേക വിഭാഗമായിരിക്കും.

എസ്കേഷ്യൻ ഹൈപ്പോതിസിസ് പ്രകാരം, നമ്മൾ ആദ്യം സ്ഥിരീകരിക്കുന്ന അന്യഗ്രഹ നാഗരികത അതിന്റെ നാശത്തിന്റെ പാതയിലായിരിക്കാനാണ് സാധ്യത. ഒരു നാഗരികത അതിന്റെ അവസാന ഘട്ടത്തിലോ, അസ്ഥിരമായ അവസ്ഥയിലോ, അല്ലെങ്കിൽ പൂർണ്ണമായ പതനത്തിലോ എത്തുമ്പോൾ അവ വലിയ തോതിൽ ഊർജ്ജമോ സിഗ്നലുകളോ പുറപ്പെടുവിക്കാൻ സാധ്യതയുണ്ട്. ഇതിനെ ഒരു ‘ശബ്ദമാനമായ അവസ്ഥ എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നു. അവരുടെ സാങ്കേതിക വിദ്യയിലുണ്ടാകുന്ന പിഴവുകളോ അല്ലെങ്കിൽ നിലനിൽപ്പിനായുള്ള അവസാന ശ്രമങ്ങളോ പ്രപഞ്ചത്തിന്റെ മറ്റു കോണുകളിൽ സിഗ്നലുകളായി എത്തുന്നു. അങ്ങനെ വരുമ്പോൾ നാം കാണുന്നത് ഒരു നാഗരികതയുടെ സുവർണ്ണ കാലഘട്ടമല്ല, മറിച്ച് അതിന്റെ അസ്തമയമായിരിക്കും.

മനുഷ്യരാശിയുടെ ഇന്നത്തെ അവസ്ഥയും ഇത്തരമൊരു സിഗ്നലായി മാറിയേക്കാമെന്ന് കിപ്പിംഗ് മുന്നറിയിപ്പ് നൽകുന്നു. ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി നാശവും കാരണം മനുഷ്യർ ഉണ്ടാക്കുന്ന മാറ്റങ്ങൾ പ്രപഞ്ചത്തിൽ നിന്ന് നോക്കുന്നവർക്ക് ഒരു സിഗ്നലായി അനുഭവപ്പെട്ടേക്കാം. ഒരു നാഗരികത തകരുകയാണെന്നതിന്റെ ലക്ഷണമായി അല്ലെങ്കിൽ സഹായത്തിനായുള്ള ഒരു നിലവിളിയായി അന്യഗ്രഹ ജീവികൾക്ക് നമ്മുടെ ഈ സാങ്കേതിക സിഗ്നലുകൾ മനസ്സിലാക്കാൻ സാധിച്ചേക്കാം. ചുരുക്കത്തിൽ, പ്രപഞ്ചത്തിലെ വമ്പൻ മാറ്റങ്ങളോ വലിയ സിഗ്നലുകളോ പുറപ്പെടുവിക്കുന്നവരെ മാത്രമേ നമുക്ക് ഇതുവരെ കാണാൻ സാധിക്കൂ എന്നതിനാൽ, ആദ്യമായി നാം കണ്ടുമുട്ടുന്ന അന്യഗ്രഹ ജീവികൾ അവരുടെ അവസാന ശ്വാസം വലിച്ചുകൊണ്ടിരിക്കുന്നവരാകാനാണ് സാധ്യതയെന്ന് ഈ പഠനം അടിവരയിടുന്നു

Related Articles

Latest Articles