തിരുവനന്തപുരം : തിരുവനന്തപുരം – മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കണിയാപുരത്ത് വച്ചാണ് വന്ദേഭാരത്തിന് നേരെ ആക്രമണം ഉണ്ടായത്.
തിരുവനന്തപുരത്ത് നിന്നും മംഗളൂരുവിലേക്ക് പോകുകയായിരുന്നു തീവണ്ടി. കണിയാപുരത്ത് ഒഴിഞ്ഞ പ്രദേശത്ത് തീവണ്ടി എത്തിയപ്പോൾ കല്ലെറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വലിയ പാറപോലുള്ള കല്ലാണ് പതിച്ചത്. ഇതിന്റെ ആഘാതത്തിൽ തീവണ്ടിയുടെ വിൻഡോ ഗ്ലാസ് പൊട്ടിയിട്ടുണ്ട്. സി 4 കോച്ചിന് നേരെയായിരുന്നു ആക്രമണം നടന്നത്.
സംഭവത്തിൽ കൊച്ചുവേളി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ആർപിഎഫ് ഉദ്യോഗസ്ഥരും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരാളാണ് ആക്രമണം നടത്തിയത് എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പ്രതിയ്ക്കായി തീവണ്ടിയിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കും.

