തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിലെ പ്രകടനപത്രിക പുറത്തിറക്കി ബിജെപി. 2036ലെ ഒളിംപിക്സ് വേദികളിലൊന്നായി തിരുവനന്തപുരത്തെ തെരഞ്ഞെടുക്കും എന്നതുൾപ്പെടെ വമ്പൻ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിൽ നൽകിയിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
അധികാരത്തിലേറി 45 ദിവസത്തിനകം തിരുവനന്തപുരം നഗരത്തിന്റെ സമഗ്രവികസനത്തിനായി തയാറാക്കുന്ന രൂപരേഖ പ്രസിദ്ധീകരിക്കുമെന്ന് നേരത്തെ ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് എത്തുമെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നു. നടപ്പാക്കുന്ന പദ്ധതികളുടെ പ്രോഗ്രസ് കാർഡ് എല്ലാ വർഷവും പുറത്തിറക്കും, എല്ലാ വാർഡിലും കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ നിരവധി പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. 2030 ഓടെ രാജ്യത്തെ ഏറ്റവും മികച്ച മൂന്നു നഗരങ്ങളിലൊന്നായി അനന്തപുരിയെ മാറ്റുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

