പാലക്കാട് : അയ്യപുരം കൽപാത്തി ജിഎൽപി സ്കൂളിലെ ബുത്ത് നമ്പർ- 25 ൽ വോട്ട് രേഖപ്പെടുത്തി പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. പാലക്കാടിൻ്റെ മാറ്റത്തിന് നാന്ദി കുറിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും മുഴുവൻ വോട്ടർ മാരും അവരവരുടെ വോട്ട് രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാവണമെന്നും എൻഡിഎ സ്ഥാനാർത്ഥി പറഞ്ഞു.
ചരിത്രപരമായ വിധിയെഴുത്താണ് ഇന്ന് നടക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ തന്നെ മാറ്റം കുറിക്കുന്ന വിധിയെഴുത്ത് എന്‍ഡിഎയുടെ വിജയത്തിലൂടെ പാലക്കാട്ടുകാര്‍ വിധിയെഴുതുമെന്ന് സി കൃഷ്ണകുമാര്‍ പറഞ്ഞു.
അതേസമയം, രാവിലെ ഏഴ് മണിമുതൽ വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ബിജെപിയുടെ സി. കൃഷ്ണകുമാറും കോൺഗ്രസിന്റെ രാഹുൽ മാങ്കൂട്ടത്തിലും സിപിഎം സ്വതന്ത്രനായി പി. സരിനും നിയമസഭ സീറ്റിലേക്ക് മത്സരിക്കുന്നു.

