അഹമ്മദാബാദ് : സെമിഫൈനലില്‍ ഗുജറാത്തിനെ സമനിലയിൽ തളച്ച് കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍ പ്രവേശിച്ചു. ഗുജറാത്തിനെതിരെ നേടിയ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ ഫൈനലിലേക്ക് പ്രവേശനം നേടാൻ കേരളത്തെ സഹായിച്ചത്. രണ്ടാം സെമിയില്‍ മുംബൈയെ പരാജയപ്പെടുത്തിയ വിദര്‍ഭയാകും ഫൈനലിൽ കേരളത്തിന്റെ എതിരാളികള്‍
ഏഴിന് 429 റണ്‍സുമായി അവസാന ദിനം ഇറങ്ങിയ ഗുജറാത്തിനെതിരെ 28 റണ്‍സിനിടെ മൂന്നു വിക്കറ്റെടുക്കണമെന്ന വലിയ വെല്ലുവിളിയായിരുന്നു കേരളത്തിനുണ്ടായിരുന്നത്. കേരളം 455 റണ്‍സിന് ഗുജറാത്തിനെ എറിഞ്ഞിട്ടു. രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ കേരളത്തിന് 114 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ ഒന്നാംഇന്നിങ്‌സിന്റെ ലീഡോഡെയാണ് കേരളം ഫൈനലില്‍ പ്രവേശിച്ചത്.
മുഹമ്മദ് അസ്ഹറുദീന്‍ (341 പന്തില്‍ നിന്ന് 177 റണ്‍സ് നോട്ടൗട്ട്) നായകന്‍ സച്ചിന്‍ ബേബി(195 പന്തില്‍ 69 റണ്‍സ്) സല്‍മാന്‍ നിസാർ (202 പന്തില്‍ 52 റണ്‍സ്) എന്നിവരാണ് ഒന്നാം ഇന്നിങ്സിൽ കേരളത്തിനായി തിളങ്ങിയത്. എന്നാൽ മൂന്നാം ദിനം ഗുജറാത്ത് ശക്തമായി തിരിച്ചടിച്ചു. ഒരു വിക്കറ്റിന് 200 കടന്നപ്പോള്‍ കേരളം അപകടം മണത്തു. എന്നാല്‍ നാലാം ദിനം ജലജ് ഗുജറാത്തിന്റെ മുന്‍നിരയെ വീഴ്ത്തി. അക്ഷോഭ്യനായി നിന്ന സെഞ്ചൂറിയന്‍(148 റണ്‍സ്) പാഞ്ചാലിനെ ബൗള്‍ഡാക്കിയ ജലജിന്റെ പന്താണ് ഈ കളിയുടെ ഗതിമാറ്റിയത്. മധ്യനിരയില്‍ ജയ്മീത് പട്ടേല്‍(79) പിടിച്ചുനിന്നപ്പോള്‍ ഗുജറാത്ത് ലീഡ് ഉറപ്പിച്ചു.
എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ കേരളത്തിന്റെ വിശ്വാസം കാത്ത മറുനാടന്‍ താരം ആദിത്യ സര്‍വതെ മൂന്നു വിക്കറ്റെടുത്ത് കേരളത്തെ ലീഡിലേക്ക് നയിച്ചു. സച്ചിന്‍ ബേബി ജയ്മീത്തിന്റെ ക്യാച്ച് രാവിലെ നഷ്ടപ്പെടുത്തിയപ്പോള്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു എന്ന് തോന്നി എന്നാല്‍ സര്‍വതെയുടെ പന്തില്‍ കീപ്പര്‍ അസ്ഹറുദീന്റെ മിന്നല്‍ സറ്റമ്പിങ് ആ കുറവ് നികത്തി. ലീഡിന് രണ്ട് റണ്‍സ് മാത്രം അകലെ നാഗസ്വലയുടെ ബുള്ളറ്റ് ഷോട്ട്. നേരത്തെ വന്നതിന് സമാനമായ പവര്‍ഫുള്‍ ഷോട്ട് ഷോര്‍ട്ട് ലെഗില്‍ നിന്ന സല്‍മാന്റെ ഹെല്‍മറ്റിലേക്ക്. അവിടെ നിന്ന് മുകളിലേക്ക് ഒടുവില്‍ സ്ലിപ്പില്‍ നിന്ന സച്ചിന്‍ ബേബിക്ക് അനായാസ ക്യാച്ച്. കേരളത്തിന് അതിനിർണ്ണായക രണ്ട് റണ്‍സ് ലീഡ്.

