പാലക്കാട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ ശ്രീധരൻ എന്ന ലോകം അംഗീകരിക്കുന്ന മെട്രോമാനെ വർഗീയവാദിയായി ചിത്രീകരിച്ച് നടത്തിയ പ്രചാരണങ്ങൾക്ക് തിരിച്ചടി കിട്ടിത്തുടങ്ങിയതായും ഇടത് വലത് മുന്നണികൾ തമ്മിലുള്ള ഡീൽ ഇത്തവണ ജനങ്ങൾ പൊളിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം പാലക്കാട് നഗരത്തെ ഇളക്കിമറിക്കാൻ എൻ ഡി എ യുടെ റോഡ് ഷോ ഇന്ന് നടക്കും. ഇന്ന് വൈകിട്ട് മൂന്നു മണിമുതൽ പാലക്കാട് മോയൻസ് സ്കൂളിന്റെ സമീപത്തു നിന്നുമാണ് റോഡ് ഷോ ആരംഭിക്കുക.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് വോട്ടുകൾ കൊണ്ടാണ് 3859 വോട്ടുകൾക്ക് ഷാഫി പറമ്പിൽ വിജയിച്ചതെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി പി സരിൻ തന്നെ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. ഇതാണ് തെരഞ്ഞെടുപ്പിൽ ഷാഫി വർഗീയക്കാർഡെടുത്തിരുന്നു എന്ന് ബിജെപി ആരോപിക്കാൻ കാരണം. ഈ വെളിപ്പെടുത്തൽ വന്നതിന് ശേഷം സരിനെ എൽ ഡി എഫ് നേതൃത്വം തിരുത്തിയിരുന്നു. ഉത്തരവാദിത്വമില്ലാതെ പ്രസ്താവനകൾ നടത്തരുതെന്ന് നേതൃത്വം സരിന് താക്കീത് നൽകിയതായി സൂചന. അതേസമയം കോൺഗ്രസിനെ വിമത ശല്യം വീണ്ടും സമ്മർദ്ദത്തിലാക്കുകയാണ്. സരിനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട തന്നെ ഷാഫി പറമ്പിലിന്റെ ആൾക്കാർ മർദ്ദിച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് നേതാവ് രംഗത്തെത്തിയിട്ടുണ്ട്.

