ഓസ്‌ലോ: 2025-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം വെനസ്വേലൻ പ്രതിപക്ഷ രാഷ്ട്രീയ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് വളരുന്ന ഇരുട്ടിനിടയിലും ജനാധിപത്യത്തിന്റെ തീനാളം കെടാതെ സൂക്ഷിക്കുന്ന “ധീരയും പ്രതിബദ്ധതയുമുള്ള സമാധാനത്തിന്റെ പോരാളി” എന്നാണ് നോർവീജിയൻ നോബൽ കമ്മിറ്റി മച്ചാഡോയെ വിശേഷിപ്പിച്ചത്. ഓസ്‌ലോയിലെ നോർവീജിയൻ നോബൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നോർവീജിയൻ നോബൽ കമ്മിറ്റി നേതാവ് ജോർഗൻ വാറ്റ്നെ ഫ്രിഡ്‌നസാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
വെനസ്വേലയിലെ ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി മച്ചാഡോ നടത്തിയ ശക്തമായ പോരാട്ടങ്ങളാണ് പുരസ്കാരത്തിന് അർഹയാക്കിയത്. രാജ്യത്ത് നിലനിൽക്കുന്ന ഏകാധിപത്യ പ്രവണതകൾക്കെതിരെ അവർ നടത്തുന്ന പ്രതിരോധത്തെ കമ്മിറ്റി പ്രത്യേകം പ്രശംസിച്ചു.
അവാർഡ് പ്രഖ്യാപനത്തിന് മുന്നോടിയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് നടത്തിയ പരസ്യവും രഹസ്യവുമായ പ്രചാരണങ്ങൾ കാരണം ഈ വർഷത്തെ നോബൽ കമ്മിറ്റി വലിയ ശ്രദ്ധയിലായിരുന്നു. മുൻഗാമികളായ ബറാക് ഒബാമ ഉൾപ്പെടെ നാല് പ്രസിഡന്റുമാർക്ക് പുരസ്‌കാരം ലഭിച്ചതിൽ ട്രമ്പ് പരസ്യമായി അസൂയ പ്രകടിപ്പിച്ചിരുന്നു.
ഈ വർഷം 244 വ്യക്തികളും 94 സംഘടനകളും ഉൾപ്പെടെ മൊത്തം 338 സ്ഥാനാർത്ഥികളാണ് നോബൽ സമാധാന സമ്മാനത്തിനായി മത്സരിച്ചത്. കഴിഞ്ഞ വർഷം ജാപ്പനീസ് അണുബോംബ് അതിജീവന പ്രസ്ഥാനമായ നിഹോൺ ഹിഡാങ്ക്യോ (Nihon Hidankyo) ആയിരുന്നു പുരസ്‌കാരത്തിന് അർഹരായത്. നെൽസൺ മണ്ടേല, ലിയു സിയാവോബോ, യുറോപ്യൻ യൂണിയൻ (EU), ആണവായുധങ്ങൾ നിർത്തലാക്കാനുള്ള അന്താരാഷ്ട്ര പ്രചാരണ സമിതി (ICAN) തുടങ്ങിയവരാണ് മുൻപ് സമാധാന നോബൽ നേടിയ പ്രമുഖർ.

