ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ ഇതിഹാസതാരമായിരുന്ന അല്ലു രാമലിംഗയ്യയുടെ ഭാര്യയും നടൻമാരായ അല്ലു അർജുന്റേയും രാംചരൺ തേജയുടേയും മുത്തശ്ശിയുമായ അല്ലു കനകരത്നം കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഭാര്യാ മാതാവ് കൂടിയാണ് കനകരത്നം . മരിച്ചാൽ തന്റെ കണ്ണുകൾ ദാനം ചെയ്യണമെന്നായിരുന്നു അല്ലു കനകരത്നത്തിന്റെ അവസാനത്തെ ആഗ്രഹം. ഈ ആഗ്രഹം സഫലമാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തതായി ചിരഞ്ജീവി അറിയിച്ചു.
ദുഃഖവാർത്ത അറിഞ്ഞയുടൻ താൻ അല്ലു അരവിന്ദിന്റെ വസതിയിലെത്തി. ബെംഗളൂരുവിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ അല്ലു അരവിന്ദിനോട് അമ്മയുടെ കണ്ണുകൾ ദാനം ചെയ്യാൻ സമ്മതമാണോ എന്ന് ചോദിച്ചു. അദ്ദേഹം സമ്മതം അറിയിച്ചുവെന്ന് ചിരഞ്ജീവി പറഞ്ഞു. ‘എന്റെ അമ്മയും ഭാര്യാമാതാവും ഞാനും സംസാരിക്കവെയാണ് കണ്ണുകൾ ദാനം ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചത്. മരണശേഷം കണ്ണുകൾ ദാനം ചെയ്യാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ അവർ ഉടനടി സമ്മതം മൂളി. ഇപ്പോൾ അവർ മരിച്ചപ്പോൾ ഞാൻ ഈ സംഭാഷണം ഓർത്തു. ഉടൻ തന്നെ എന്റെ ബ്ലഡ് ബാങ്കിലെ ആളുകളെ വിളിച്ച് അതിനുള്ള ഏർപ്പാടുകൾ ചെയ്തു. അതിന്റെ എല്ലാ നടപടിക്രമങ്ങളും ഇന്ന് പൂർത്തിയായി.’ – ചിരഞ്ജീവി കൂട്ടിച്ചേർത്തു.
കനകരത്നത്തിന്റെ കണ്ണുകൾ ദാനം ചെയ്യാൻ സന്നദ്ധരായ കുടുംബത്തെയും ഇതിന് മുൻകൈയെടുത്ത ചിരഞ്ജീവിയെയും അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. കുടുംബം കാണിച്ചത് മികച്ച മാതൃകയാണെന്നും മെഗാതാരം ചിരഞ്ജീവി സമൂഹത്തിന് നൽകുന്ന സംഭാവന എത്രത്തോളമാണെന്ന് ഇത് കാണിക്കുന്നുവെന്നും ആരാധകർ കുറിച്ചു

