ചെന്നൈ : ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്കുള്ള യാത്രാതിരക്ക് പരിഗണിച്ച് നാല് സ്പെഷ്യൽ ട്രെയിനുകൾ കൂടി പ്രഖ്യാപിച്ച് റെയിൽവേ. തമിഴ്നാട്, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഏറെ ആശ്വാസമാകുന്ന ഈ വൺവേ സർവീസുകൾ ദക്ഷിണ റെയിൽവേയാണ് പ്രഖ്യാപിച്ചത്.
പുതുതായി അനുവദിച്ച ട്രെയിനുകളിൽ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. അവയുടെ വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു:
- ട്രെയിന്‍ നമ്പര്‍ 06137– തിരുവനന്തപുരം നോര്‍ത്ത്– ഉധ്ന ജംക്‌ഷൻ വണ്‍വേ എക്സ്പ്രസ്: സെപ്റ്റംബർ 1ന് രാവിലെ 9.30ന് തിരുവനന്തപുരം നോര്‍ത്തിൽ നിന്നു പുറപ്പെടും. 2ന് രാത്രി 11.45ന് ഉധ്ന ജംക്ഷനിൽ എത്തിച്ചേരും.
- ട്രെയിന്‍ നമ്പര്‍ 06010 – മംഗളൂരു സെന്‍ട്രല്‍– തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് :
സെപ്റ്റംബര്‍ 2 ചൊവ്വാഴ്ച വൈകിട്ട് 7.30ന് മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ എട്ടിന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും. - ട്രെയിന്‍ നമ്പര്‍ 06159 വില്ലുപുരം ജംക്‌ഷൻ– ഉധ്ന ജംഗ്ഷൻ എക്സ്പ്രസ് :
സെപ്റ്റംബര്‍ 1 തിങ്കളാഴ്ച രാവിലെ 10.30ന് വില്ലുപുരം ജംക്‌ഷനിൽ നിന്ന് പുറപ്പെട്ട് പാലക്കാട് വഴി അടുത്ത ദിവസം രാവിലെ 5.30ന് ഉധ്ന ജംക്‌ഷനിൽ എത്തും.
∙ സ്പെഷൽ ട്രെയിൻ നമ്പർ 06127 ചെന്നൈ സെൻട്രൽ–തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് ഇന്ന് ഉച്ചയ്ക്ക് 12.45ന് പുറപ്പെട്ടു. നാളെ രാവിലെ 7.15ന് തിരുവനന്തപുരം നോര്‍ത്തിൽ എത്തും.
വർഷംതോറും ഓണത്തിന് കേരളത്തിലേക്ക് മടങ്ങുന്ന മലയാളികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള മറ്റ് ഗതാഗതമാർഗങ്ങളിൽ ടിക്കറ്റ് ലഭ്യമല്ലാത്തതും ഉയർന്ന നിരക്ക് ഈടാക്കുന്നതും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് റെയിൽവേ കൂടുതൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്. കൂടുതൽ വിവരങ്ങൾ ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റിലും അതത് റെയിൽവേ സ്റ്റേഷനുകളിലും ലഭ്യമാണ്.

