ലക്‌നൗ: ചോദ്യപേപ്പർ ചോർന്നതിന് പിന്നാലെ പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷ റദ്ദാക്കാൻ നിർദ്ദേശം നൽകി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 240ലധികം ആളുകളാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. യുവാക്കളുടെ ഭാവി വച്ച് കളിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. തൊഴിൽ തേടുന്ന ഉദ്യോഗാർത്ഥികളോടുള്ള അനീതിയാണ് ഇത്തരം സംഭവങ്ങളെന്നും, ഇത് ഒരിക്കലും വച്ച് പൊറുപ്പിക്കാനാകില്ലെന്നും സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
‘യുവാക്കളോടുള്ള അനീതിയാണ് ഇത്തരം സംഭവങ്ങൾ. തൊഴിൽ തേടുന്ന യുവാക്കളുടെ ഭാവി വെച്ച് കളിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അർഹരായ ഉദ്യോഗാർത്ഥികളുടെ നിയമനങ്ങൾ സത്യസന്ധമായി തന്നെ നടക്കണം. യുവാക്കൾ നേടുന്ന ഇത്തരം അനീതികൾ അംഗീകരിക്കാനാകില്ലെന്നും” അദ്ദേഹം പറഞ്ഞു. ഈ മാസം 17,18 തിയതികളിലായി നടത്താൻ നിശ്ചയിച്ചിരുന്ന യുപി പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷ, പേപ്പർ ചോർന്നതിന് പിന്നാലെ റദ്ദാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു.
വിഷയത്തിൽ പഴുതടച്ച അന്വേഷണത്തിന് യോഗി ആദിത്യനാഥ് ഉത്തരവിട്ടതിന് പിന്നാലെ 240ഓളം പേരെയാണ് ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. യുവാക്കളുടെ ഭാവി വച്ച് കളിക്കുന്നവർക്ക് ശക്തമായ മറുപടി നൽകുമെന്ന് കഴിഞ്ഞ ദിവസം നടന്ന പൊതുപരിപാടിയിൽ അദ്ദേഹം പറഞ്ഞിരുന്നു. റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ഒരു ഘട്ടത്തിലും ഒരു ഉദ്യോഗാർത്ഥിക്കും വിവേചനം നേരിടേണ്ട സാഹചര്യം വരില്ല. ഇത് ഈ സർക്കാരിന്റെ ഉറപ്പാണ്. കുറ്റം ചെയ്യുന്നവരെ ഒരിക്കലും വെറുതെ വിടില്ലെന്നും’ യോഗി ആദിത്യനാഥ് പറയുന്നു.

