Friday, December 12, 2025

നവകേരള സദസ് യാത്രയിൽ പ്രതിഷേധിച്ചവർക്ക് മർദ്ദനമേറ്റ സംഭവം ! മുഖ്യമന്ത്രിയുടെ ഗണ്‍മാന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ യൂത്ത് കോൺഗ്രസ് കോടതിയിൽ ; ദൃശ്യങ്ങൾ പോലീസ് മേധാവിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും അയച്ചു

തിരുവനന്തപുരം : നവകേരള സദസ് യാത്രയ്ക്കിടെ മുഖ്യമന്ത്രിക്കു മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവർത്തകരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനും മറ്റു സുരക്ഷാ ജീവനക്കാര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ ക്രൈംബ്രാഞ്ച് റഫറൻസ് റിപ്പോർട്ടിനെതിരെ യൂത്ത് കോണ്‍ഗ്രസ് കോടതിയിലേക്ക്. ലോകം മുഴുവൻ കണ്ട, പ്രവർത്തകരെ ഗൺമാനും സംഘവും മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്ന വിചിത്രമായ കാരണം നിരത്തിയാണ് ഗൺമാനും സംഘത്തിനും ക്രൈംബ്രാഞ്ച് ക്ലീന്‍ ചിറ്റ് നല്‍കിയത്.

ദൃശ്യ മാദ്ധ്യമങ്ങളോടു ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടു നല്‍കിയില്ലെന്നും എന്നാൽ ലഭിച്ച ദൃശ്യങ്ങളില്‍ മർദ്ദനമില്ലെന്നുമാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന വാദം. അതേസമയം മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പോലീസ് മേധാവിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും ഇ–മെയിലില്‍ നല്‍കിയ യൂത്ത് കോണ്‍ഗ്രസ് കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കും. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആണ് ദൃശ്യങ്ങള്‍ പോലീസിനു കൈമാറിയത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണിതെന്ന് ശക്തമായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഡിസംബര്‍ 15നു നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കടന്നു പോകുമ്പോള്‍ ആലപ്പുഴ ജനറല്‍ ആശുപത്രി ജംക്‌ഷനില്‍ പ്രതിഷേധിച്ചവര്‍ക്കാണ് അടിയേറ്റത്. പരാതിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജുവല്‍ കുര്യാക്കോസിനും കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസിനും തലയ്ക്കും കൈകാലുകളിലും ഗുരുതര പരുക്കുണ്ടായെന്നുമുള്ള പരാതിയാണു പോലീസ് അന്വേഷിച്ചത്.

കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കുമാറാണു കേസിലെ ഒന്നാം പ്രതി. സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് രണ്ടാം പ്രതി. പരാതിക്കാരന്റെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധവും യാഥാര്‍ഥ്യങ്ങള്‍ മറച്ചുവയ്ക്കുന്നതുമാണെന്നു ബോധ്യമായെന്നും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.സുനില്‍രാജ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Latest Articles