ഇസ്ലാമാബാദ് : പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധൂ നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതിന് പിന്നാലെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ജലക്ഷാമം അതിരൂക്ഷമായതായി റിപ്പോർട്ട്. ഇതിന് പുറമെ കടുത്ത വേനലിൽ സിന്ധു, ഝലം, ചിനാബ് നദികളിൽനിന്നുള്ള വെള്ളത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞതോടെ കൃഷി നടത്താനാവാത്ത സ്ഥിതിയിലാണ് പാകിസ്ഥാൻ. സിന്ധുനദിയിലെ ടർബെല ഡാമിലും ഝലം നദിയിലെ മംഗ്ല ഡാമിലും ജലത്തിന്റെ അളവിൽ വലിയ കുറവുണ്ടായതായി ഇസ്ലാമാബാദിലെ ഇൻഡസ് റിവർ സിസ്റ്റം അതോറിറ്റി പുറത്തുവിട്ട രേഖകളിൽ പറയുന്നു.
കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് പഞ്ചാബ് പ്രവിശ്യയിലൂടെ ഒഴുകുന്ന സിന്ധു നദിയിലെ ജലത്തിന്റെ അളവിൽ 10.3 ശതമാനം കുറവു വന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ഈ പ്രവിശ്യയിലെ കാർഷികവൃത്തിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
തെക്കു-പടിഞ്ഞാറൻ മൺസൂൺ എത്താൻ ഇനിയും ഒരു മാസം കൂടി വേണമെന്നിരിക്കെ വരുംദിവസങ്ങളിൽ വലിയ ജലദൗർലഭ്യം ഉണ്ടാകാനാണു സാധ്യത.

