സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളത്ത് ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ മുതൽ മൂന്ന് ദിവസം അതിശക്തമായ മഴക്ക് സാധ്യതയെനാണു പ്രവചനം. സർക്കാർ സംവിധാനങ്ങളോട് മുന്നൊരുക്കം പൂർത്തിയാക്കാൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.
കേരളത്തിന് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മൺസൂൺ പാത്തിയുടെയും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരദേശ ന്യുനമർദ്ദ പാത്തിയുടെയും പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴിയുടെയും ആൻഡമാൻ കടലിനു മുകളിലെ മറ്റൊരു ചക്രവാതചുഴിയുടെയും സ്വാധീനത്താലാണ് സംസ്ഥാനത്ത് കാലവർഷം കനക്കാൻ കാരണം.പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി മലയോര/ തീരദേശ മേഖലയിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രത നിർദേശം നൽകി.
റവന്യൂ, പോലീസ്, അഗ്‌നിരക്ഷാ സേന, തുടങ്ങി വിവിധ സർക്കാർ സംവിധാനങ്ങളോട് ജാഗ്രത പാലിക്കാനും മുന്നൊരുക്കം പൂർത്തിയാക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.കോഴിക്കോട്, മലപ്പുറം, വയനാട്, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ NDRF സംഘങ്ങളെ നിയോഗിച്ചു. കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.

