Saturday, December 13, 2025

ഭക്തമാനസങ്ങളിൽ ദൈവാനുഗ്രഹത്തിന്റെ പെരുമഴയോടെ ആയിരങ്ങൾ ചക്കുളത്തുകാവിൽ പൊങ്കാലയിട്ടു; കാർത്തിക ദീപസ്തംഭ പ്രോജ്വലനം വൈകുന്നേരം; സാംസ്‌കാരിക സമ്മേളനത്തിൽ സി വി ആനന്ദബോസ് മുഖ്യാതിഥി

എടത്വ: ഭക്തമാനസങ്ങളിൽ ദിവ്യ അനുഗ്രഹം ചൊരിയുന്ന ചക്കുളത്ത്കാവ് ദേവിയ്ക്ക് ആയിരങ്ങൾ ഇഷ്ടനിവേദ്യമായ പൊങ്കാല അർപ്പിച്ചു. പലനാടുകളിൽ നിന്നും ഭക്തർ ഇന്നലെ മുതൽ തിരു സന്നിധിയിലേക്ക് എത്തിയിരുന്നു. ഇന്നു പുലർച്ചെ ശ്രീകോവിലിൽനിന്നു കൊടിവിളക്കിൽ ദീപം കൊളുത്തിയെടുക്കുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. കൊടിമരച്ചുവട്ടിലെ പണ്ടാരയടുപ്പിലേക്കു വാദ്യമേളങ്ങുടെയും മന്ത്രോച്ചാരണങ്ങളുടെയും അകമ്പടിയോടെ ദീപം എത്തിച്ചു. തുടർന്നു മേൽശാന്തി ഗണപതിയൊരുക്കിനു മുന്നിലെ വിളക്കിലേക്കു ദീപം പകർന്നു. ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ശ്രീകോവിലിൽനിന്നു മൂലബിംബം എത്തിച്ചു. ദേവീനാമം ഉരുവിട്ട് പൊങ്കാല അർപ്പിച്ച ഭക്തർക്ക് നൈവേദ്യം കഴിഞ്ഞതോടെ ആത്മസംതൃപ്തി. തത്വമയി നെറ്റ്‌വർക്ക് ഒരുക്കിയ തത്സമയ സംപ്രേക്ഷണത്തിലൂടെ ലോകത്തിന്റെ പല ഭാഗത്തുനിന്നും ഭക്തർ പൊങ്കാല ചടങ്ങുകൾ വീക്ഷിച്ചു.

രാവിലെ 9നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ഭാര്യ രാധികയും മകൻ ഗോകുൽ സുരേഷും ചേർന്നു പൊങ്കാല ഉദ്ഘാടനം ചെയ്‌തു. തുടർന്നു വിളിച്ചുചൊല്ലി പ്രാർത്ഥന നടന്നു. മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി നിലവറ ദീപം കൊളുത്തിയെടുത്തു പണ്ടാരയടുപ്പിൽ അഗ്നി തെളിയിച്ച ശേഷം വാർപ്പിൽ ഉണക്കലരിയിട്ടു. പണ്ടാരയടുപ്പിൽനിന്നു പകരുന്ന ദീപം മറ്റു പൊങ്കാലയടുപ്പുകളിലേക്കും തുടർന്ന് കൈമാറി. പൊങ്കാലയൊരുങ്ങുമ്പോൾ 51 ജീവതകളിലായി ദേവീചൈതന്യം പൊങ്കാല തളിക്കാൻ പുറപ്പെട്ടു . ജീവതകൾ തിരിച്ചെത്തിയ ശേഷം ഉച്ചദീപാരാധനയോടെ പൊങ്കാല ചടങ്ങുകൾ സമാപിച്ചു.

വൈകുന്നേരം സാംസ്‌കാരിക സമ്മേളനവും കാർത്തിക ദീപസ്തംഭത്തിന്റെ പ്രോജ്വലനവും നടക്കും. പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യാതിഥി ആയിരിക്കും.

Related Articles

Latest Articles