തൃശൂർ: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഈ വർഷത്തെ പൂരം ഏപ്രിൽ 23ന് നടത്താൻ ധാരണ. മന്ത്രി വി.എസ് സുനിൽകുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചടങ്ങുകൾ നടത്തും. ജനങ്ങളെത്തുന്നത് പരമാവധി നിയന്ത്രിക്കും. രോഗ വ്യാപനത്തിന്റെ തോത് കണക്കിലെടുത്തായിരിക്കും എത്ര വിപുലമായി പൂരം നടത്തണമെന്നും എത്രത്തോളം ആളുകളെ പങ്കെടുപ്പിക്കണമെന്നും തീരുമാനിക്കുക.
തൃശൂർ പൂരത്തിന്‍റെ നടത്തിപ്പിനായി ദേവസ്വം ഭാരവാഹികളെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിച്ചു. രണ്ടാഴ്ച കൂടുമ്പോൾ സമിതി യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തും. ഇതിനുശേഷം പൂരം നടത്തിപ്പ് സംബന്ധിച്ച അന്തിമതീരുമാനം മാർച്ചിലാകും എടുക്കുക. സർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയമായി തീരുമാനമെടുക്കാമെന്ന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ സമ്മതിച്ചിട്ടുണ്ട്.

