Saturday, December 20, 2025

‘ഗതി കേടു കൊണ്ടാണ് തുഷാറിനെതിരെ കേസ് കൊടുത്തത്; ഗൂഢാലോചനയല്ല’; തുറന്ന് പറഞ്ഞ് നാസിലിന്‍റെ ഉമ്മ

തൃശ്ശൂർ: ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി നാസിൽ അബ്ദുള്ളയെ സാമ്പത്തികമായി വൻതുക പറ്റിച്ചെന്ന് ഉമ്മ റാബിയ. പല വട്ടം പൈസ ചോദിച്ചിട്ടും തന്നില്ല. പത്ത് വർഷമായി തുഷാർ നൽകാനുള്ള പണം കൊടുക്കാതെ പറ്റിക്കുന്നു. തുഷാർ പറ്റിച്ചതിനെ തുടർന്നാണ് നാസിൽ ദുബായിൽ ജയിലിലായതെന്നും ഉമ്മ റാബിയ പറഞ്ഞു.

തുഷാർ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാൻ ഇഷ്ടമുണ്ടായിട്ടല്ല, നിവൃത്തികേടുകൊണ്ടാണ് കേസുകൊടുത്തത്. ഇതിന് പിന്നിൽ ഗൂഢാലോചനയൊന്നുമില്ല. സ്ഥലം വിറ്റും നിരവധി പേരിൽ നിന്ന് കടം വാങ്ങിയുമാണ് നാസിലിനെ ജയിലിൽ നിന്ന് പുറത്തിറക്കിയത്. ഇപ്പോൾ കടം കാരണം നാസിലിന് നാട്ടിൽ വരാനാകാത്ത അവസ്ഥയാണ്. തുഷാർ എങ്ങനെയെങ്കിലും ആ പണം തിരിച്ച് തരണം. തുഷാറിനെ കേസിൽ കുടുക്കാൻ ആഗ്രഹമില്ല. ഇനിയെങ്കിലും തുഷാർ പണം തിരികെ തരുമെന്നാണ് പ്രതീക്ഷ – ഉമ്മ റാബിയ പറയുന്നു.

തീരെ അവശരായ നാസിലിന്‍റെ ഉപ്പയും ഉമ്മയും വീട്ടിൽ ഒറ്റയ്ക്കാണ്. ഉപ്പ വീൽചെയറിലാണ്. വിവരങ്ങളെക്കുറിച്ചൊന്നും പറയാൻ വയ്യ. കേസിനെക്കുറിച്ച് ചോദിച്ചപ്പോൾ ഉപ്പ വിതുമ്പി.

ഇന്നലെ നാസിൽ അബ്ദുള്ളയുടെ കൊടുങ്ങല്ലൂരിലെ വീട്ടിൽ മതിലകം പൊലീസെത്തി പരിശോധന നടത്തിയിരുന്നു. അരമണിക്കൂറോളം പൊലീസ് ഈ വീട്ടിൽ ഉണ്ടായിരുന്നു എന്നാണ് വിവരം.

Related Articles

Latest Articles