Sunday, December 21, 2025

വയനാട്ടിൽ വീണ്ടും കടുവയിറങ്ങി; 16 ദിവസത്തിനുളളിൽ കൊന്നത് 15 വളർത്തുമൃഗങ്ങളെ; ജില്ലയിൽ വിവിധയിടങ്ങളിൽ നിരോധനാജ്ഞ

വയനാട്: വയനാട്ടിൽ വീണ്ടും (Tiger Attack In Wayanad) കടുവയിറങ്ങി. ജില്ലയിലെ കുറുക്കൻമൂലയിൽ രാത്രികാലങ്ങളിൽ കടുവ ഇറങ്ങി വളർത്തു മൃഗങ്ങളെ കൊല്ലുന്നത് പതിവായിരിക്കുകയാണ്. ഇന്നലെ രാത്രിയും പ്രദേശത്ത് കടുവയുടെ ആക്രമണമുണ്ടായി. ഇന്ന് പുലർച്ചെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ, പടമല സ്വദേശി സുനി എന്നായാളുടെ ഒരു ആടിനെ പിടിച്ചു.

ഇതോടെ, കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ 15 വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വനപാലകരെ പ്രദേശത്ത് വിന്യസിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. ഇതിനുപിന്നാലെ കടുവയെ പിടികൂടാനായി പ്രദേശത്ത് അഞ്ച് കൂടുകൾ സ്ഥാപിച്ചു. എന്നാൽ കടുവ ഇറങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും പിടികൂടാൻ വനം വകുപ്പിനു സാധിച്ചിട്ടില്ല. കടുവയെ പിടികൂടാനായി വനത്തിനോട് ചേർന്നുള്ള ജനവാസ മേഖലകളിൽ നിരീക്ഷണ ക്യാമറകൾ ഒരുക്കിയിട്ടുണ്ട്. കടുവ ഭീതിയുടെ പശ്ചാത്തലത്തിൽ മാനന്തവാടിയിലെ നാല് ഡിവിഷനുകളിൽ നിരോധനാജ്ഞ തുടരുകയാണ്.

അതേസമയം പയ്യംമ്പള്ളി കുറുക്കൻമൂല, പടമല പ്രദേശങ്ങളിലെ ജനങ്ങൾ ഏറെ പ്രതിസന്ധിയിലാണ്. കടുവയെ മയക്കുവെടിവെയ്‌ക്കാൻ വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കുറുക്കൻമൂലയിലും, പരിസര പ്രദേശങ്ങളിലും രാവിലെ പാൽ അളക്കുന്ന സമയത്തും കുട്ടികൾ സ്‌കൂളിൽ പോകുന്ന സമയത്തും പോലീസിന്റെയും വനംവകുപ്പിന്റെയും പ്രത്യേക സ്വകാഡ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതിന് സബ് കളക്ടർ ആർ ശ്രീലക്ഷമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു.

Related Articles

Latest Articles