പത്തനംതിട്ട; ശബരിമല പാതയില്‍ പുള്ളിപ്പുലിയെ കണ്ടത് നാട്ടുകാരെ ആശങ്കയിലാക്കി. പത്തനംതിട്ട മണ്ണാറക്കുളഞ്ഞി- പമ്പ ശബരിമല പാതയില്‍ ളാഹയ്ക്കും പ്ലാപ്പള്ളിക്കും മധ്യേ ചെളിക്കുഴി ഭാഗത്താണ് കഴിഞ്ഞ ദിവസം പുള്ളിപുലിയെ കണ്ടത്. ചിറ്റാര്‍ മീന്‍കുഴി വടക്കേക്കരയ്ക്ക് പിന്നാലെയാണ് ശബരിമല പാതയിലും പുലിയെ കാണുന്നത്.
വ്യാഴാഴ്ച വൈകിട്ട് 5.45 ന് നടുറോഡിലായാണ് പുലിയെ കണ്ടത്. അതിനാല്‍ ഇരുചക്രവാഹന യാത്രക്കാര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ് നിര്‍ദേശം നല്‍കി. മൈലപ്ര ചീങ്കല്‍ത്തടം അറുകാലിക്കല്‍ സോണി ജോര്‍ജും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് പുലിക്കു മുന്നില്‍പ്പെട്ടത്. ഓസ്‌ട്രേലിയയില്‍ നിന്ന് അവധിക്കു നാട്ടില്‍ വന്ന സോണി ബന്ധുവീട്ടില്‍ പോയശേഷം മടങ്ങുകയായിരുന്നു.

