വയനാട്: തോട്ടം തൊഴിലാളിയായ രാധയെ കടിച്ചുകൊന്ന കടുവ മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയ്ക്ക് സമീപം തന്നെയുണ്ടെന്ന് വനംവകുപ്പ്. കടുവയെ കണ്ടെത്താനുള്ള ഡ്രോൺ പരിശോധനയിൽ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കടുവയെ തിരിച്ചറിയാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. വയനാട് കാടുകളിൽ തന്നെയുള്ള കടുവയാണോ അതോ പുറത്തുനിന്ന് എത്തിയതാണോ എന്നതിൽ ഉടൻ സ്ഥിരീകരണമുണ്ടാകും. കെണിയൊരുക്കി കടുവയെ പിടികൂടാനുള്ള ശ്രമങ്ങളാകും നടക്കുക. ദൗത്യത്തിനായി ഡോ അരുൺ സക്കറിയ ഉടനെത്തും. കുങ്കിയാനകളെ ഉപയോഗിച്ച് തെരച്ചിൽ നടത്താനായിരുന്നു ശ്രമം എന്നാൽ അതിന് പറ്റിയ ഭൂപ്രദേശമല്ലെന്നാണ് വിലയിരുത്തൽ.
അതേസമയം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ സംസ്കാരം ഇന്ന് നടക്കും. മൃതദേഹം പൊതുദർശനത്തിനായി വസതിയിൽ എത്തിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ കാപ്പിക്കുരു ശേഖരിക്കാനായി തോട്ടത്തിലേക്ക് പോയതായിരുന്നു രാധ. ഭർത്താവ് ഇരുചക്രവാഹനത്തിൽ തോട്ടത്തിൽ കൊണ്ടുപോയി വിട്ടശേഷം തിരികെ പോയിരുന്നു. അതിന് ശേഷമാണ് കടുവ ആക്രമണം ഉണ്ടായത്. രാധയെ കടുവ വനത്തിനുള്ളിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോയിരുന്നു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമംഗം മിന്നുമണിയുടെ ബന്ധുവാണ് മരിച്ച രാധ. വന്യജീവി ആക്രമണങ്ങൾ തടയാനുള്ള നടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് പ്രതിഷേധവും ശക്തമാണ്.

