Sunday, December 21, 2025

ഫലപ്രഖ്യാപന ദിവസം കനത്ത സുരക്ഷയൊരുക്കും: ഡിജിപി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം അക്രമ സംഭവങ്ങള്‍ ഉണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കും. അതീവ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ കേന്ദ്രസേനയെയും കൂടുതല്‍ പോലീസുകാരെയും നിയോഗിച്ചിട്ടുണ്ടെന്ന് ഡിജിപി അറിയിച്ചു.

ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

22,640 പോലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്തൊട്ടാകെ വിന്യസിച്ചിരിക്കുന്നത്. 111 ഡിവൈഎസ്പിമാരും 395 ഇന്‍സ്‌പെക്ടര്‍മാരും 2632 എസ്ഐ/എഎസ്ഐമാരും ഉള്‍പ്പെടുന്നു. കൂടാതെ കേന്ദ്ര സായുധസേനയില്‍ നിന്ന് 1344 പോലീസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും.

പ്രശ്‌നബാധിതപ്രദേശങ്ങളില്‍ അധികമായി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് മേഖലയിലും എത്തിച്ചേരാന്‍ വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുന്നതിന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും ലോകനാഥ് ബഹ്‌റ അറിയിച്ചു.

Related Articles

Latest Articles