തിരുവനന്തപുരം : തലസ്ഥാനത്ത് ടിപ്പര്‍ലോറികള്‍ യാത്രക്കാരുടെ അന്തകരായി മാറുന്നത് സര്‍ക്കാരിന്റെ നിയന്ത്രണമില്ലായ്മയും പിടിപ്പുകേടും മൂലമാണെന്ന് തുറന്നടിച്ച് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മതിയായ സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വിലപ്പെട്ട ജീവനുകള്‍ക്ക് പകരമാകില്ലെങ്കിലും കുടുംബങ്ങളെ സഹായിക്കാന്‍ പിണറായി സര്‍ക്കാര്‍ സന്മനസ്സുകാട്ടണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.
“കഴിഞ്ഞ ദിവസങ്ങളില്‍ ടിപ്പര്‍ അപകടത്തില്‍ രണ്ടുയുവാക്കളുടെ ജീവനാണ് പൊലിഞ്ഞത്. ടിപ്പര്‍ലോറിയില്‍ നിന്ന് കരിങ്കല്ല് വീണ് അനന്തു എന്ന ബിഡിഎസ് വിദ്യാര്‍ത്ഥിയും അമിതവേഗത്തില്‍ പാഞ്ഞ ടിപ്പര്‍ലോറിയിടിച്ച് സുധീര്‍ എന്ന അധ്യാപകനും കൊല്ലപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മതിയായ സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വിലപ്പെട്ട ജീവനുകള്‍ക്ക് പകരമാകില്ലെങ്കിലും കുടുംബങ്ങളെ സഹായിക്കാന്‍ പിണറായി സര്‍ക്കാര്‍ സന്മനസ്സുകാട്ടണം. അര്‍ഹതപ്പെട്ട മാന്യമായ സഹായം നിയമത്തിന്റെ നൂലാമാലകളില്‍പ്പെടുത്താതെ തന്നെ ഉടന്‍ നല്‍കേണ്ടതാണ്.
പൊതു നിരത്തുകളില്‍ ടിപ്പര്‍ ലോറികള്‍ നിരന്തരം നടത്തുന്ന അമിത വേഗമടക്കമുള്ള കുറ്റകൃത്യങ്ങള്‍ അനുവദിച്ചു കൊടുക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിയമ ലംഘനങ്ങള്‍ക്കും വളം വച്ചു കൊടുക്കുന്നതിനുള്ള തെളിവാണ്. കുറ്റവാളികള്‍ക്കെതിരേ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സുരക്ഷിതമല്ലാത്ത തരത്തില്‍ ലോഡുമായി പോകുന്ന ടിപ്പര്‍ലോറികള്‍ നിത്യക്കാഴ്ചയാകുമ്പോള്‍ അപകടങ്ങള്‍ ഇനിയും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. അടിയന്തര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം.
ഏതാനും ദിവസം മുന്‍പ് ആധുനിക ഇന്ത്യ, യുവജനങ്ങളുടെ ഭാരതം എന്ന വിഷയത്തില്‍ കുട്ടികളുമായി സംവദിക്കുന്നതിന് നെയ്യാറ്റിന്‍ കരയില്‍ അനന്തുവിന്റെ സഹപാഠികള്‍ അടക്കമുള്ളവരുമായി സംസാരിച്ചിരുന്നു. ആ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷയുമായിരുന്നു ആ യുവാവ് ” – രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

