ചണ്ഡീഗഢ്: റീല്‍സ് വൈറലാക്കാൻ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച് തിരക്കേറിയ മാര്‍ക്കറ്റിലെത്തിയ യുവാവിനെ ജനക്കൂട്ടം കൈകാര്യം ചെയ്തു. ഹരിയാണയിലെ പാനിപ്പത്തിലാണ് ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിക്കാനായി സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച് മാര്‍ക്കറ്റിലെത്തിയ യുവാവിനെ വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് കൈകാര്യംചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. യുവാവിനെ മര്‍ദിക്കുന്നതിന്റെയും തന്നെ വിട്ടയക്കണമെന്ന് യുവാവ് അപേക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചെത്തിയ യുവാവിനോട് മാര്‍ക്കറ്റില്‍നിന്ന് തിരികെപോകാന്‍ വ്യാപാരികള്‍ ആദ്യം വിനയത്തോടെ ആവശ്യപ്പെട്ടിരുന്നു. ഇത്തരം വേഷം ധരിച്ച് പൊതുസ്ഥലത്ത് വരുന്നത് അനുചിതമാണെന്നും വ്യാപാരികള്‍ ഇയാളോട് പറഞ്ഞു. എന്നാല്‍ താന്‍ ആദ്യമായല്ല ഇത്തരം വീഡിയോകള്‍ ചിത്രീകരിക്കുന്നതെന്നായിരുന്നു യുവാവിന്റെ പ്രതികരണം. പിന്നാലെയാണ് വ്യാപാരികളും നാട്ടുകാരും യുവാവിനെ കൈകാര്യം ചെയ്തത്. തുടര്‍ന്ന് ഇത്തരം പ്രവൃത്തികള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന ഉറപ്പിന്മേലാണ് വ്യാപാരികളും നാട്ടുകാരും യുവാവിനെ വിട്ടയച്ചത്.

