കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള ഇന്നത്തെ തെരച്ചിൽ നിർത്തി. ട്രക്കുണ്ടാവാൻ ഏറ്റവും സാധ്യത ഉണ്ടായിരുന്ന നാലാം പോയിന്റിലെ തെരച്ചിലിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇവിടെ മത്സ്യത്തൊഴിലാളിയും പ്രാദേശിക മുങ്ങൽ വിദഗ്ദനുമായ ഈശ്വർ മൽപെ നദിയുടെ ആഴത്തിൽ മുങ്ങി പരിശോധിച്ചെങ്കിലും ചെളിയും പാറയും മാത്രമാണ് കണ്ടത്. ട്രക്ക് ചെളിയിൽ പുതഞ്ഞു പോയിരിക്കാനുള്ള സാധ്യതയുണ്ടെന്നും മറ്റ് പോയിന്റ്റുകളിൽ പരിശോധന തുടരുമെന്നും ദൗത്യ സംഘം അറിയിച്ചു.
അർജുന് വേണ്ടിയുള്ള തെരച്ചിലിന്‍റെ പന്ത്രണ്ടാം ദിവസമായ ഇന്ന് ഏറ്റവും നിർണായകവും അപകടകരവുമായ ഘട്ടത്തിലൂടെയാണ് കടന്ന് പോയത്. കുന്ദാപുരയിൽ നിന്നുള്ള മുങ്ങൽ വിദഗ്ധരായ മത്സ്യത്തൊഴിലാളി സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ തെരച്ചിൽ. ഇതിനിടെ ഈശ്വർ മാൽപെ ഒഴുക്കിൽപ്പെട്ട സാഹചര്യവുമുണ്ടായി. ബെൽറ്റുമായി ബന്ധിപ്പിച്ചിരുന്ന വടം കനത്ത ഒഴുക്കിൽ പൊട്ടിപ്പോയതിനെത്തുടർന്ന് ഒഴുക്കിൽപ്പെട്ട മാൽപെ 150 മീറ്ററോളം ഒഴുകി പോയി. ഉടൻ തന്നെ നാവിക സേന അദ്ദേഹത്തെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. മൂന്നാം തവണ നദിയിലേക്ക് മുങ്ങിയപ്പോഴായിരുന്നു അപകടം.

