തിരുവനന്തപുരം: തക്കാളിപ്പനിയെ കുറിച്ച് കേരളത്തിൽ മിക്കവരും കേട്ടിട്ടുള്ളതാണ്. ഒരു തരം വൈറല്‍ അണുബാധയാണിത്. കുട്ടികളെയാണ് ഇത് സാരമായി ബാധിക്കുന്നത്. അതും അഞ്ച് വയസിന് താഴെയുള്ള കുട്ടികളെ. മുതിര്‍ന്നവരെ ഈ രോഗം ബാധിച്ചതായി ഇതുവരെ റിപ്പോര്‍ട്ടുകള്‍ ഒന്നുമില്ല. .
കഴിഞ്ഞ മെയ് മാസത്തോടെയാണ് രാജ്യത്ത് തക്കാളിപ്പനി സ്ഥിരീകരിക്കുന്നത്. അതും കേരളത്തിലെ കൊല്ലം ജില്ലയിലായിരുന്നു സ്ഥിരീകരിച്ചത്. പിന്നീട് പലയിടങ്ങളിലായി തക്കാളിപ്പനി കേസുകള്‍ പടർന്നു. ഇന്ത്യയിൽ ഏറ്റവുമധികം തക്കാളിപ്പനി കേസുകള്‍ ഉള്ളത് കേരളത്തില്‍ തന്നെയാണ്. കേരളം കഴിഞ്ഞാല്‍ ഒഡീഷയിലാണ് കൂടുതല്‍ കേസുകളുള്ളത്. ജൂലൈ മാസത്തോടെ തന്നെ കേരളത്തില്‍ എണ്‍പതിലധികം തക്കാളിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കഴിഞ്ഞിരുന്നു.
തക്കാളിപ്പനിയുടെ ലക്ഷണങ്ങള്‍…
കുട്ടികളില്‍ രോഗബാധയുണ്ടായാല്‍ ഇതിന്‍റെ ലക്ഷണങ്ങള്‍ മുതിര്‍ന്നവര്‍ തന്നെ കണ്ടെത്തി മനസിലാക്കേണ്ടതായി വരാം. അതിനാല്‍ തന്നെ തക്കാളിപ്പനിയുടെ ലക്ഷണങ്ങളെ കുറിച്ച് അറിഞ്ഞുവയ്ക്കാം. ദേഹത്ത് ചെറിയ കുരുക്കള്‍ പൊങ്ങുന്നതാണ് തക്കാളിപ്പനിയുടെ ഒരു പ്രധാന ലക്ഷണം. തക്കാളി പോലുള്ള ചുവന്ന നിറത്തിലുള്ള കുരുവാണ് കാണുക. ഇതുകൊണ്ടാണ് ഈ വൈറല്‍ അണുബാധയ്ക്ക് തക്കാളിപ്പനി എന്ന് തന്നെ പേര് വന്നിട്ടുള്ളത്. ഇതിനൊപ്പം തന്നെ ദേഹത്ത് ചുവന്ന പാടുകളും കാണാം.
ഉയര്‍ന്ന പനി, സന്ധികളില്‍ വീക്കം, ശരീരവേദന, നിര്‍ജലീകരണം, അവശത എന്നിവയും തക്കാളിപ്പനിയുടേതായ ലക്ഷണങ്ങളാണ്.

