Sunday, December 21, 2025

ഇഷ്ടമില്ലാത്ത അച്ചി തൊടുന്നത് എല്ലാം കുറ്റം! മോഹൻലാലിനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് കേരളത്തിന്റെ മനസ്സാക്ഷി! വൈറലായി അഞ്ചു പാർവതി പ്രബീഷിന്റെ കുറിപ്പ്

വയനാടിനെ തകർത്തെറിഞ്ഞ ഉരുൾപ്പൊട്ടൽ ദുരന്തമുഖത്ത് ആര്‍മി യൂണിഫോമില്‍ മോഹന്‍ലാല്‍ സന്ദര്‍ശനം നടത്തിയത് മുതല്‍ വലിയ രീതിയിലുള്ള സൈബര്‍ അക്രമണമാണ് താരം നേരിടുന്നത്. താര പകിട്ട് മാറ്റിവെച്ച് ഒരു സേവക നായാണ് അദ്ദേഹം എത്തിയത്. എന്നിട്ടും ചിലരുടെ കണ്ണിൽ അദ്ദേഹം കുറ്റക്കാരനാകുന്നു. ദുരന്തത്തിൽ സർവ്വവും നഷ്ടമായ വയനാട്ടുകാരന് ഒരു നിമിഷമെങ്കിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ആശ്വാസമായി തീർന്നിട്ടുണ്ടെങ്കിൽ അതിലും വലിയ കാര്യം മറ്റൊന്നും തന്നെ ഇല്ല. മൂന്നു കോടിയുടെ പുനരധിവാസ പദ്ധതി അടക്കം പ്രഖ്യാപിച്ചാണ് അദ്ദേഹം ദുരന്തമുഖം വിട്ടത്. മലയാളികളുടെ അഭിമാന താരമായിരുന്നിട്ടുകൂടി ഇല്ലാത്ത കാര്യങ്ങൾക്കായി അദ്ദേഹത്തെ സൈബർ ആക്രമണത്തിനിരയാക്കുന്നത് ചിലർക്ക് ഹരമാണ്. ഇപ്പോൾ ഈ വിഷയത്തിൽ അദ്ധ്യാപികയും എഴുത്തുകാരിയുമായ അഞ്ചു പാർവതി പ്രബീഷ് പങ്കുവച്ച കുറിപ്പ് വൈറലാകുകയാണ്.

അഞ്ചു പാർവതി പ്രബീഷിന്റെ കുറിപ്പ് വായിക്കാം

ഇഷ്ടമില്ലാത്ത അച്ചി തൊടുന്നത് എല്ലാം കുറ്റം എന്നൊരു ചൊല്ല് ഉണ്ട് മലയാള ഭാഷയിൽ. കുറേ നാളുകളായി ശ്രീ മോഹൻലാലിന്റെ കാര്യത്തിൽ ഒരു കൂട്ടർ ഈ ചൊല്ല് അങ്ങ് പ്രായോഗികം ആക്കിയിരിക്കുകയാണ്. അദ്ദേഹം എന്ത്‌ ചെയ്താലും കുറ്റം, പരിഹാസം, വിമർശനം. ഒടുവിൽ ഇതാ വയനാട് ദുരന്തത്തിൽ പോലും അത് പ്രകടമായിരിക്കുന്നു.

ആദ്യമാദ്യം അദ്ദേഹം അഭിനയിച്ച ആദ്യകാല ചിത്രങ്ങൾ പൊക്കിയെടുത്ത് അതിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ പേര് മുതൽ ഡയലോഗ് വരെ പോസ്റ്റ്‌മോർട്ടം നടത്തി സിനിമകളിലൂടെ ഹൈന്ദവ സവർണ്ണത ഒളിച്ചുകടത്തിയിരുന്ന മാടമ്പി മോഹൻലാൽ നായർ ആക്കാൻ ആയിരുന്നു തത്രപ്പാട്.

മോഹൻലാൽ സിനിമകൾ റിലീസ് ആവുമ്പോൾ സിനിമ എന്ന കലാരൂപം ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ ലിസ്റ്റിൽ നിന്നും പടിയടച്ച് പിണ്ഡം വയ്ക്കപ്പെടുന്നു. ഒപ്പം സിനിമയെ സിനിമയായി കാണൂ എന്ന സ്ഥിരം ക്ലീഷേ ഡയലോഗ് കൂടും കുടുക്കയുമെടുത്ത് കാശിക്ക് പോകുന്നു.! അങ്ങനെയങ്ങനെ നിരവധി ഉദാഹരണങ്ങൾ.

കേരളത്തിൽ ഒരു ദുരന്തം നടന്നാൽ മോഹൻലാൽ വന്നോ, എത്ര കൊടുത്തു എന്നറിയാൻ ഉന്തും തള്ളും. ഷൂട്ടിങ് തിരക്കിലോ മറ്റോ പെട്ട് വന്നില്ലെങ്കിൽ അതാവും കുറ്റം. ഇനി വന്നാലോ പട്ടി ഷോ കാണിക്കാൻ വന്നു എന്ന കുറ്റപ്പെടുത്തൽ.അദ്ദേഹം ഇട്ടിരിക്കുന്ന വസ്ത്രം മുതൽ പറയുന്ന വാചകം വരെ ഓഡിറ്റ് നടത്തി വിമർശിച്ചില്ലെങ്കിൽ ഉറങ്ങാൻ പറ്റില്ല പ്രബുദ്ധർക്ക്. അങ്ങേരുടെ അധ്വാനത്തിൽ നിന്നും 25 ലക്ഷം കൊടുത്താൽ ഓ നമ്മൾ സിനിമ കണ്ടത് കൊണ്ട് അങ്ങേര് സമ്പാദിച്ച കാശ് അല്ലേ, പിന്നെ കൊടുത്താൽ എന്താ എന്ന പുച്ഛം. വിശ്വശാന്തി ഫൗണ്ടേഷൻ വഴി കൊടുക്കും എന്ന് പറഞ്ഞ മൂന്ന് കോടി എന്ന് കേൾക്കുമ്പോൾ തികഞ്ഞ നിശബ്ദത. ലെഫ്. കേണൽ മോഹൻലാൽ ആരാണ്, എന്താണ് എന്നൊക്കെ വ്യക്തമായി അറിയാം എങ്കിലും വിമർശകർക്ക് അതും വേഷംകെട്ട്.

ഏത് വിമർശനങ്ങളെയും എത്ര വലിയ അപഹാസ്യങ്ങളെയും നിന്ദ്യമായ അധിക്ഷേപങ്ങളേയും അയ്യോ മോനെ, അത് സാരമില്ല, അത് അവരുടെ അഭിപ്രായം അല്ലേ എന്ന് പറഞ്ഞു നിസ്സാരവൽക്കരിക്കുന്ന ഈ മനുഷ്യനോളം ശുദ്ധത ആർക്കുമില്ല, ഇനി ഒട്ട് ഉണ്ടാവാനും പോണില്ല .

ലാലേട്ടൻ, അങ്ങേര് വേറെ ലെവൽ മനിതൻ തന്നെയാണ് .അദ്ദേഹം പതിവ് പോലെ ഈ കോലാഹലങ്ങളും ഇങ്ങനെ കൈയും കെട്ടി നോക്കി നിന്ന് ചിരിക്കുന്നുണ്ട്. എന്നിട്ട് ഉള്ളിൽ ഇങ്ങനെ പറയുന്നുണ്ടാവും -The Elephant keeps walking as the dogs
keep barking !!

Related Articles

Latest Articles