സ്വിഫ്റ്റ് ബസിലെ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും കർശന നിർദ്ദേശവുമായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. സ്വിഫ്റ്റിലെ കണ്ടക്ടര്‍മാര്‍ അപമര്യാദയായി പെരുമാറുന്നതിനെക്കുറിച്ചും ഡ്രൈവര്‍മാര്‍ അശ്രദ്ധമായും അമിതവേഗത്തിലും ബസ് ഓടിക്കുന്നതിനെക്കുറിച്ചും നിരന്തരമായി പരാതി ലഭിക്കുന്നതിനാലാണ് മുന്നറിയിപ്പു നല്‍കുന്നതെന്ന് മന്ത്രി സമൂഹ മാദ്ധ്യമത്തില്‍ പങ്കുവച്ച വിഡിയോ സന്ദേശത്തിൽ പറഞ്ഞു. ഡ്രൈവര്‍മാര്‍ വളരെ ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും കണ്ടക്ടര്‍മാര്‍ മര്യാദയോടെ പെരുമാറണമെന്നും അശ്രദ്ധമായി വണ്ടി ഓടിച്ച് അപകടത്തില്‍പ്പെട്ടാൽ പൂര്‍ണ ഉത്തരവാദിത്തവും ചെലവും ഡ്രൈവര്‍മാര്‍ക്കായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“3500 കെഎസ്ആർടിസി ബസുകൾ നിരത്തിലുണ്ട്. ഇതിൽ കെഎസ്ആര്‍ടിസി ബസുകളിലെ ഡ്രൈവര്‍മാരേക്കാള്‍ മരണകാരണമാകുന്ന മാരകമായ അപകടങ്ങള്‍ കൂടുതലുണ്ടാക്കുന്നത് സ്വിഫ്റ്റ് ബസിലെ ഡ്രൈവര്‍മാരാണ്. യാത്രക്കാര്‍ കയറുന്നതു കൊണ്ടാണ് നിങ്ങള്‍ ശമ്പളം വാങ്ങുന്നത്. ഇല്ലെങ്കില്‍ ശമ്പളം കിട്ടില്ല. യാത്രക്കാരോടു മര്യാദയ്ക്കു സംസാരിക്കണം. ഭിന്നശേഷിക്കാരോ വൃദ്ധരോ വന്നാല്‍ അവരെ ബസിലേക്കു പിടിച്ചു കയറ്റണം. ഉദ്യോഗസ്ഥര്‍ പറഞ്ഞാല്‍ അനുസരിക്കാത്തതു കൊണ്ടാണ് നേരിട്ട് ഇത്തരത്തില്‍ നിര്‍ദേശം നല്‍കുന്നത്. കര്‍ശനമായ നടപടി ഉണ്ടാകും. അശ്രദ്ധമായി വണ്ടി ഓടിച്ച് അപകടത്തില്‍പ്പെട്ടാൽ പൂര്‍ണ ഉത്തരവാദിത്തവും ചെലവും ഡ്രൈവര്‍മാര്‍ക്കായിരിക്കും ” – കെ ബി ഗണേഷ് കുമാർ പറഞ്ഞു.

