തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾ ദേവസ്വം ബോർഡിനെ വെട്ടിലാക്കുന്നു. സമുദായ സംഘടനകളുടെ പിന്തുണ നേടിയെങ്കിലും പന്തളം കൊട്ടാരം അടക്കം സംഗമത്തോട് അനുകൂല നിലപാട് അറിയിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ കൊട്ടാരത്തെ കൂടെനിർത്താൻ ദേവസ്വം ബോർഡ് തീവ്രശ്രമം തുടരുന്നു. പിന്തുണ അഭ്യർത്ഥിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും നാളെ പന്തളം കൊട്ടാരം പ്രതിനിധികളുമായി ചർച്ച നടത്തിയേക്കും. യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ആചാര വിരുദ്ധമായി നൽകിയിട്ടുള്ള സത്യവാങ്മൂലവും സമാധാനപരമായ പ്രതിഷേധം നടത്തിയ ഭക്തർക്കെതിരായി എടുത്ത കേസുകൾ പിൻവലിക്കാത്തതിലും പന്തളം കൊട്ടാരത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന.
അതേസമയം ആഗോള അയ്യപ്പ സംഗമത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പരിപാടിയുടെ ബജറ്റിനെ കുറിച്ച് ബോർഡിന് വ്യക്തതയില്ലാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു. സ്പോൺസർമാരുമായി ചർച്ച നടക്കുന്നു എന്ന് മാത്രമാണ് ബോർഡ് ഇപ്പോൾ പറയുന്നത്. ഇതിലാണ് ഹൈക്കോടതിയും അതൃപ്‌തി അറിയിച്ചിട്ടുള്ളത്. വിശദമായ കണക്കുകളും സാമ്പത്തിക സ്രോതസ്സ് സംബന്ധിക്കുന്ന വിശദ വിവരങ്ങളും സമർപ്പിക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് ഇന്ന് പരിഗണിക്കാനിരിക്കെ ഹൈക്കോടതി നിരീക്ഷണവും നിർണ്ണായകമാകും.
ഹൈക്കോടതിയുടേതുൾപ്പെടെ അതൃപ്തി നിലനിൽക്കുന്നുണ്ടെങ്കിലും മുന്നൊരുക്കങ്ങൾ അതിവേഗതയിൽ നടക്കുന്നുവെന്നാണ് സൂചന. മൂന്നു സെഷനുകളിലായാണ് സംഗമം നടക്കുന്നത്. ശബരിമല മാസ്റ്റർ പ്ലാനിനെ കുറിച്ചുള്ള ചർച്ച, ആൾക്കൂട്ട നിയന്ത്രണം, തീർത്ഥാടന ടൂറിസം എന്നിവയാണ് സെഷനുകൾ. ഉച്ചയ്ക്ക് ശേഷം പൊതുവായ വിലയിരുത്തലുകളാകും നടക്കുക. കൂടാതെ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക പ്രദർശനം, സാംസ്‌കാരിക പരിപാടികൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നതോടെ വിശിഷ്ടാഥിതികൾ ആരൊക്കെയാണ് എന്നതും സംഘാടകർ മറച്ചുവയ്ക്കുകയാണ്.

