Monday, December 22, 2025

നടിയെ ആക്രമിച്ചെന്ന കേസ്; ‘വിചാരണ പൂർത്തിയാക്കി വിധി പറയാൻ കൂടുതൽ സമയം വേണം’; സുപ്രീംകോടതിയെ സമീപിച്ച് ജഡ്ജി ഹണി എം. വർഗീസ്

ദില്ലി: നടിയെ ആക്രമിച്ചെന്ന കേസിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി. ജഡ്ജി ഹണി എം.വർഗീസാണ് കൂടുതൽ സമയം തേടി സുപ്രീംകോടതിയെ സമീപിച്ചത്. 6 മാസത്തെ സമയമാണ് വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സൂചന. ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ബേല എം.ത്രിവേദിയും ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച ഈ ആവശ്യം പരിഗണിക്കും. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ കോടതിക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് പ്രതിയായ ദിലീപും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹ‍ർജിയും തിങ്കളാഴ്ച പരിഗണിക്കും. കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്ന ആവശ്യവും സുപ്രീംകോടതി ഉന്നയിച്ചിട്ടുണ്ട്.

ഇതിനിടെ ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാകും ഇനി മുതൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുക. ചീഫ് ജസ്റ്റിസ് യു.യു.ലളിതാണ് ഹർജികൾ ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാൻ നിർദേശിച്ചത്. ജസ്റ്റിസ് എ.എം.ഖാൻവിൽകർ ആണ് നേരത്തെ കേസുകൾ പരിഗണിച്ചിരുന്നത്. അദ്ദേഹം വിരമിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ കേസ് ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചത്. നടിയെ ആക്രമിച്ച കേസിലെ വിചാരണ 6 മാസത്തിനകം പൂർത്തിയാക്കണമെന്ന് ഉത്തരവിട്ട സുപ്രീംകോടതി ബെഞ്ചിൽ ജസ്റ്റിസ് എ.എം.ഖാൻവിൽകർക്കൊപ്പം ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ഉണ്ടായിരുന്നു.

Related Articles

Latest Articles