Sunday, December 21, 2025

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ കോളനിയിൽ താമസിക്കുന്ന അബ്ദുൾ അതീഖ്(32) ആണ് അറസ്റ്റിലായത്.

2017-ൽ അതീഖ് ജാസ്മിൻ(28) എന്ന യുവതിയെ വിവാഹം ചെയ്തതായാണ് ആദിലാബാദ് പോലീസ് പറയുന്നത്. എന്നാൽ, പിന്നീട് ഇരുവരും തമ്മിൽ ചില വഴക്കുകളുണ്ടായിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ രണ്ട് വർഷമായി ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇവരുടെ രണ്ട് പെൺമക്കൾ ജാസ്മിനൊപ്പമാണ്. ഇതിനിടെ, അതീഖ് വീണ്ടും വിവാഹിതനായെന്നും പോലീസ് വ്യക്തമാക്കി.

2023-ൽ ജാസ്മിൻ അതീഖിനെതിരേ പോലീസിൽ പീഡനപരാതി നൽകി. ഇതോടെ, കോടതിയിലെത്തിയ വിഷയത്തിൽ ഭാര്യ ജാസ്മിന് ഭർത്താവ് പ്രതിമാസം 7,200 രൂപ നൽകണമെന്ന് കോടതി വിധിച്ചു. എന്നാൽ, ഈ ഉത്തരവ് അതീഖ് പാലിക്കാതെവന്നതോടെ യുവതി വീണ്ടും കോടതിയെ സമീപിച്ചു.

ഇതോടെ, കോടതിയിൽ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയുള്ള സമൻസ് വന്നതിൽ പ്രകോപിതനായ അതീഖ് ഭാര്യയെ വാട്സാപ്പ് വഴി മുത്തലാഖ് ചൊല്ലുകയായിരുന്നു. വോയ്സ് മെസേജ് വഴിയുള്ള മുത്തലാഖ് സന്ദേശം യുവതി തന്റെ കുടുംബവുമായി പങ്കുവച്ചു. പിന്നാലെ, യുവതി വീണ്ടും പോലീസിൽ പരാതി നൽകിയതോടെയാണ് അതീഖ് അറസ്റ്റിലായത്.

Related Articles

Latest Articles