ഗാസയിലെ സമാധാനശ്രമങ്ങൾക്കായി ഈജിപ്തിലെ ഷാം എൽ-ഷെയ്ഖിൽ നടന്ന ഉച്ചകോടിയിൽ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷാബാസ് ഷെരീഫിന്റെ സാന്നിധ്യത്തിൽ യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രമ്പ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയെയും പുകഴ്ത്തിയത് ശ്രദ്ധേയമായി. പാക് പ്രധാനമന്ത്രിയുടെ അഭിനന്ദന പ്രസംഗത്തിനു പിന്നാലെയായിരുന്നു ട്രമ്പിന്റെ ഇന്ത്യയെക്കുറിച്ചുള്ള പരാമർശം.ഉച്ചകോടിയിൽ സംസാരിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷാബാസ് ഷെരീഫ്, ഗാസയിലെയും നേരത്തെയുണ്ടായ ഇന്ത്യ-പാക് സംഘർഷത്തിലെയും സമാധാന ശ്രമങ്ങൾക്ക് ട്രമ്പിനെ അഭിനന്ദിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം തടയാനും പിന്നീട് വെടിനിർത്തൽ യാഥാർത്ഥ്യമാക്കാനും ട്രമ്പ് നൽകിയ സംഭാവനകൾക്ക് അദ്ദേഹത്തിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണമെന്ന് ഷെരീഫ് വീണ്ടും ആവശ്യപ്പെട്ടു.
എന്നാൽ ഷെരീഫിന്റെ വാക്കുകളെ “മനോഹരം” എന്ന് വിശേഷിപ്പിച്ച ട്രമ്പ് , പ്രസംഗം തുടരുന്നതിനിടെ ഇന്ത്യയെക്കുറിച്ചും പ്രധാനമന്ത്രി മോദിയെക്കുറിച്ചും പരാമർശിച്ചു.”ഇന്ത്യ ഒരു മഹത്തായ രാജ്യമാണ്. അവിടെ എന്റെയൊരു നല്ല സുഹൃത്താണ് നേതൃസ്ഥാനത്തുള്ളത്. അദ്ദേഹം വളരെ മികച്ച കാര്യങ്ങളാണ് ചെയ്യുന്നത് എന്നാണ് ട്രമ്പ് പറഞ്ഞത് .ഇതിനു പിന്നാലെ, “പാകിസ്ഥാനും ഇന്ത്യയും വളരെ നല്ല രീതിയിൽ ഒരുമിച്ച് ജീവിക്കുമെന്ന് ഞാൻ കരുതുന്നു,” എന്നും ട്രമ്പ് കൂട്ടിച്ചേർത്തു.ഈ വാക്കുകൾക്ക് ശേഷം, തൊട്ടുപിന്നിൽ നിന്നിരുന്ന ഷാബാസ് ഷെരീഫിന്റെ നേർക്ക് തിരിഞ്ഞ് ട്രമ്പ് , “ശരിയല്ലേ?” എന്ന് ചോദിച്ചു. ഇതിന് മറുപടിയായി ഷെരീഫ് പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സൈനിക സംഘർഷത്തിന്മേലുള്ള വെടിനിർത്തലിന് താൻ മധ്യസ്ഥത വഹിച്ചതായി ട്രമ്പ് പലതവണ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, ഈ അവകാശവാദം ഇന്ത്യ നിരസിച്ചിരുന്നു. ഇരു രാജ്യങ്ങളിലെയും സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ തമ്മിലുള്ള ഉഭയകക്ഷി ചർച്ചയിലൂടെയാണ് വെടിനിർത്തൽ ധാരണയായതെന്നാണ് ഇന്ത്യയുടെ നിലപാട്.

