ദില്ലി : റഷ്യയെയും ഇന്ത്യയെയും ചൈന അടർത്തിയെടുത്തെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ‘ഇരുണ്ടതും ദുരൂഹവുമായ’ ചൈനീസ് പക്ഷത്തേക്ക് ചേർന്ന ഇന്ത്യയ്ക്കും റഷ്യയ്ക്കും സമൃദ്ധമായ ഭാവി നേരുന്നുവെന്നായിരുന്നു ട്രമ്പിന്റെ വാക്കുകൾ. ഈ പ്രസ്താവനയോട് ഔദ്യോഗികമായി പ്രതികരിക്കാൻ ഇന്ത്യ തയാറായിട്ടില്ല. അതേസമയം, ട്രമ്പിന്റെ മുൻ വാണിജ്യ ഉപദേഷ്ടാവ് പീറ്റർ നവാറോ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവനയെ ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞു. കൂടാതെ, യുക്രെയ്ൻ യുദ്ധം മോദിയുടെ യുദ്ധമാണെന്ന് നവാറോ നടത്തിയ പ്രസ്താവന വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് ജയ്‌സ്വാൾ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ എന്നിവർ ഒരുമിച്ചു നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ട്രമ്പിന്റെ പരാമർശം. ട്രമ്പിന്റെ പ്രസ്താവനയോട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. എന്നാൽ, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ട് കൊണ്ടുപോകണമെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അമേരിക്ക ഏർപ്പെടുത്തിയ ഇരട്ട തീരുവ ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ തിരക്ക് കാരണം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാകും ഉച്ചകോടിയിൽ പങ്കെടുക്കുക.

