Sunday, December 14, 2025

2 ദിവസത്തെ സമയം !!!സമാധാനകരാറില്‍ എത്തിച്ചേരാൻ ഹമാസിന് സമയ പരിധി നിശ്ചയിച്ച് ട്രമ്പ് ! അല്ലാത്തപക്ഷം നരക തുല്യമായ പ്രത്യാഘാതം കാത്തിരിക്കുന്നുവെന്നും അമേരിക്കൻ പ്രസിഡന്റ്

വാഷിങ്ടണ്‍: ഹമാസിന് കടുത്തഭാഷയില്‍ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. അമേരിക്കന്‍ സമയം ഞായറാഴ്ച വൈകുന്നേരം ആറുമണിക്കുള്ളില്‍ ഹമാസ്, ഇസ്രയേലുമായുള്ള സമാധാനകരാറില്‍ എത്തിച്ചേരാത്തപക്ഷം നരക തുല്യമായ പ്രത്യാഘാതമാകും കാത്തിരിക്കുകയെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രമ്പ് പറഞ്ഞു.

‘ഈ അവസാന അവസരത്തിലും ഉടമ്പടിയിലെത്തിയില്ലെങ്കില്‍ ഇതുവരെ കാണാത്ത രീതിയിലുള്ള ആക്രമണം ഹമാസിന് നേരെയുണ്ടാകും. പശ്ചിമേഷ്യയില്‍ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ സമാധാനമുണ്ടാകും ഹമാസിന്റെ അംഗങ്ങള്‍ സൈനിക വലയത്തിലാണ്. നിങ്ങള്‍ ആരാണെന്നും എവിടെയാണെന്നും ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യും. എല്ലാ നിഷ്‌കളങ്കരായ പലസ്തീനികളും ഭാവിയില്‍ മരണത്തിന് വിധേയമാകുന്ന ഗാസയിലെ ഈ പ്രദേശത്ത് നിന്നും വിട്ടുപോകണം’, ട്രമ്പ് കുറിച്ചു.

അമേരിക്കന്‍ നിര്‍ദേശത്തില്‍ ഉടന്‍ തന്നെ പ്രതികരണം അറിയിക്കുമെന്ന് കഴിഞ്ഞ ദിവസം ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം മുഹമ്മദ് നസ്സല്‍ അന്താരാഷ്ട്ര മാദ്ധ്യമമായ അല്‍ ജസീറയോട് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് അവസാന തീയ്യതി കുറിച്ച് കൊണ്ട് ട്രമ്പ് രംഗത്തെത്തുകയായിരുന്നു.

ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ ഒരു താൽക്കാലിക ഭരണകൂടം സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള 20 ഇന നിർദ്ദേശമാണ് ട്രംപ് മുന്നോട്ട് വെച്ചിരിക്കുന്നത്. പലസ്തീൻകാർ ഗാസ വിട്ടുപോകണമെന്ന് കരാറിൽ നിർദേശമില്ല. ഹമാസ് കരാർ അംഗീകരിക്കുകയാണെങ്കിൽ, ശേഷിക്കുന്ന എല്ലാ ബന്ദികളെയും 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്നും നിബന്ധനകൾ നിലവിൽ വന്നുകഴിഞ്ഞാൽ ഇസ്രായേലി സേന ഘട്ടംഘട്ടമായി പിന്മാറണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

Related Articles

Latest Articles