വാഷിംഗ്ടൺ ഡി.സി : സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് തന്നെ ശുപാർശ ചെയ്യണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രമ്പിന്റെ ആവശ്യം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തള്ളിയെന്നും, ഈ നീരസമാണ് ഇന്ത്യക്ക് മേൽ അധിക ഇറക്കുമതി തീരുവ ചുമത്താൻ ട്രമ്പിനെ പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടുകൾ. പ്രമുഖ അന്താരാഷ്ട്ര മാദ്ധ്യമമായ ‘ന്യൂയോർക്ക് ടൈംസ്’ ആണ് ഈ നിർണായക റിപ്പോർട്ട് പുറത്തുവിട്ടത്.
ജൂൺ 17-ന് നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച ട്രമ്പ്, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷം അവസാനിപ്പിച്ചത് താൻ നടത്തിയ ശ്രമങ്ങളുടെ ഫലമാണെന്ന് ആവർത്തിച്ചു. ഈ വിഷയത്തിൽ പാകിസ്ഥാൻ തന്നെ സമാധാന നൊബേലിന് ശുപാർശ ചെയ്യാൻ പോവുകയാണെന്നും ട്രമ്പ് മോദിയോട് പറഞ്ഞു. തുടർന്ന് മോദിയും തനിക്ക് നൊബേൽ പുരസ്‌കാരത്തിനായി ശുപാർശ അയക്കണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ, ട്രമ്പിന്റെ ഈ ആവശ്യം മോദി നിരസിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ഇരു രാജ്യങ്ങളും നേരിട്ടെടുത്ത തീരുമാനമാണെന്നും, അതിൽ അമേരിക്കൻ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും മോദി വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. മോദിയുടെ ഈ നിലപാട് ട്രമ്പിനെ പ്രകോപിപ്പിച്ചു. ഫോൺ സംഭാഷണത്തിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ ഉത്പന്നങ്ങൾക്ക് 25 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്തി ട്രംപ് ഉത്തരവിറക്കിയത്. ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന ട്രമ്പിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾ ഇന്ത്യ പലതവണ തള്ളിയിരുന്നു.
നേരത്തെ മോദിയുടെ ക്ഷണം സ്വീകരിച്ച് ക്വാഡ് ഉച്ചകോടിക്കായി ഈ വർഷം ഇന്ത്യ സന്ദർശിക്കാമെന്ന് ട്രമ്പ് നേരത്തെ സമ്മതിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ആ സന്ദർശനത്തിന് സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ട്രമ്പിന്റെ തീരുമാനങ്ങൾ ഇന്ത്യ-യുഎസ് ബന്ധത്തിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അമേരിക്കയിലെയും ഇന്ത്യയിലെയും പേര് വെളിപ്പെടുത്താത്ത ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് പറയുന്നു. മഹാരാഷ്ട്രയിൽ കഴിഞ്ഞ ആഴ്ച നടന്ന പ്രതിഷേധത്തിൽ ട്രംപിന്റെ കോലത്തിൽ ‘പിന്നിൽ നിന്ന് കുത്തിയവൻ’ എന്ന കാർഡ് പതിപ്പിച്ച് പ്രദർശിപ്പിച്ചതും ഇന്ത്യയിൽ ട്രമ്പിനെതിരെയുണ്ടായിട്ടുള്ള വികാരത്തെ സൂചിപ്പിക്കുന്നു.

