വാഷിങ്ടൺ: അമേരിക്കൻ നാവിക കപ്പലുകൾക്ക് മുകളിലൂടെ വെനസ്വേലയുടെ സൈനിക വിമാനങ്ങൾ വീണ്ടും പറന്നാൽ അവയെ വെടിവെച്ചിടുമെന്ന മുന്നറിയപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പ്. കഴിഞ്ഞ ദിവസങ്ങളിൽ തെക്കേ അമേരിക്കയ്ക്ക് സമീപം അമേരിക്കൻ നാവിക കപ്പലുകൾക്ക് മുകളിലൂടെ രണ്ട് തവണ വെനസ്വേലൻ സൈനിക വിമാനങ്ങൾ പറന്നതിന് പിന്നാലെയാണ് ട്രമ്പിന്റെ കടുത്ത പ്രതികരണം. സ്ഥിതിഗതികൾ വഷളായാൽ എന്തും ചെയ്യാൻ തയ്യാറായിരിക്കാൻ ബന്ധപ്പെട്ട സൈനിക ഉദ്യോഗസ്ഥർക്ക് ട്രമ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
വെനസ്വേലയിൽ നിന്ന് മയക്കുമരുന്ന് കടത്തുകയാണെന്ന് ആരോപിച്ച് അമേരിക്കൻ നാവികസേന കഴിഞ്ഞ ദിവസം ഒരു വെനസ്വേലൻ കപ്പലിന് നേരെ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ 11 വെനസ്വേലൻ പൗരന്മാർ കൊല്ലപ്പെട്ടു. തൊട്ടുപിന്നാലെയാണ് അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് മുകളിലൂടെ വെനസ്വേലയുടെ സൈനിക വിമാനങ്ങൾ പറന്നത്. വെനസ്വേലയിൽ നിന്ന് അമേരിക്കയിലേക്ക് മയക്കുമരുന്ന് വ്യാപകമായി കടത്തുന്നുണ്ടെന്നാണ് ട്രമ്പിന്റെ ആരോപണം.
എന്നാൽ ട്രമ്പിന്റെ ആരോപണങ്ങൾ വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോ തള്ളിക്കളഞ്ഞു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സൈനിക ഏറ്റുമുട്ടലിനുള്ള ന്യായീകരണമല്ലെന്നും അദ്ദേഹം പറഞ്ഞു. വെനസ്വേല എല്ലായ്‌പ്പോഴും ചർച്ചകൾക്ക് തയ്യാറാണെന്നും എന്നാൽ തങ്ങൾക്ക് ബഹുമാനം ആവശ്യമാണെന്നും മഡൂറോ വ്യക്തമാക്കി. സൈനിക നീക്കത്തിലൂടെ വെനസ്വേലയിൽ ഭരണമാറ്റം കൊണ്ടുവരാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

