ബെംഗളൂരു: ആഗോള ടെക് ഭീമനായ ആപ്പിൾ ഇന്ത്യയിലെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിൽ 2.7 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഓഫീസ് കെട്ടിടം 10 വർഷത്തേക്ക് വാടകയ്‌ക്കെടുത്തു. ഏകദേശം 1010 കോടി രൂപയുടെ വാടകക്കരാറാണ് കമ്പനി ഒപ്പുവെച്ചിരിക്കുന്നത്.വിദേശ രാജ്യങ്ങളിൽ വ്യവസായം വിപുലീകരിക്കുന്നതിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് രൂക്ഷവിമർശനം ഉന്നയിച്ചതിനിടയാണ് ആപ്പിളിന്റെ ഇന്ത്യയിലെ ഈ വമ്പൻ നിക്ഷേപം എന്നത് ശ്രദ്ധേയമാണ്.
റിയൽ എസ്റ്റേറ്റ് സ്ഥാപനമായ എംബസി ഗ്രൂപ്പിന്റെ ബെംഗളൂരുവിലെ വസന്ത് നഗറിലുള്ള എംബസി സെനിത്ത് കെട്ടിടത്തിലെ അഞ്ച് മുതൽ 13 വരെയുള്ള നിലകളാണ് ആപ്പിൾ പാട്ടത്തിനെടുത്തത്. പ്രതിമാസം 6.31 കോടി രൂപയാണ് കെട്ടിടത്തിന്റെ വാടക. ഇതിൽ കാർ പാർക്കിങ് സ്ഥലവും ഉൾപ്പെടുന്നു. 31.57 കോടി രൂപ സുരക്ഷാ നിക്ഷേപമായി ആപ്പിൾ നൽകിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വർഷം 4.5 ശതമാനം വാടക വർധനവും കരാറിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. 2025 ഏപ്രിൽ മൂന്നിനാണ് ഈ കരാർ നിലവിൽ വന്നത്.
ഇന്ത്യയിലെ എഞ്ചിനീയറിങ്, ഓപ്പറേഷൻ ടീമുകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ആപ്പിളിന്റെ ഈ നീക്കം. ഇതിനുപുറമെ, റീട്ടെയിൽ രംഗത്തെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. മുംബൈയിലും ഡൽഹിയിലും ആപ്പിൾ സ്റ്റോറുകൾ ആരംഭിച്ചതിനു പിന്നാലെ, ബെംഗളൂരുവിലെ ഫീനിക്സ് മാൾ ഓഫ് ഏഷ്യയിൽ ഇന്ത്യയിലെ മൂന്നാമത്തെ സ്റ്റോർ ആരംഭിക്കാൻ ഒരുങ്ങുകയാണ് കമ്പനി.
അതേസമയം, ഈ കരാറിന് പുറമെ, സ്പാർക്കിൾ വൺ മാൾ ഡെവലപ്പേഴ്സിൽ നിന്ന് 10 വർഷത്തേക്ക് 8000 ചതുരശ്ര അടി ഓഫീസ് സ്പേസും ആപ്പിൾ പാട്ടത്തിനെടുത്തിട്ടുണ്ട്. ഇതിന്റെ വാടകയായി വർഷം ഏകദേശം 2.09 കോടി രൂപ നൽകേണ്ടിവരും.

