വാഷിംങ്ടൺ: അമേരിക്കയിൽ ട്രമ്പ് ഭരണകൂടം നടപ്പാക്കുന്ന സ്വയം വിരമിക്കൽ പദ്ധതിപ്രകാരം
സർക്കാർ സർവീസിൽനിന്ന് കൂട്ടരാജിക്കൊരുങ്ങി ഉദ്യോഗസ്ഥർ. നാളെ ഒരുലക്ഷം പേർ വിവിധ വകുപ്പുകളിൽനിന്ന് രാജിവെക്കുമെന്നാണ് വിവരം. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടരാജിയാകും നാളെ നടക്കുക. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അമേരിക്കയിൽ ആദ്യമായാണ് ഒറ്റദിവസം ഇത്രയും പേർ ഫെഡറൽ സർവീസിൽനിന്ന് പുറത്തുപോകുന്നത്.
ട്രമ്പിന്റെ നിലവിലെ പദ്ധതിപ്രകാരം 2.75 ലക്ഷം പേരാണ് ആകെ രാജിവെക്കുക. തുടക്കത്തിൽ എട്ട് മാസത്തെ അവധിയിൽ വിടും. ഈ കാലയളവിൽ ശമ്പളം ലഭിക്കും. നിലവിൽ വിരമിക്കൽ ആനുകൂല്യമായി മൊത്തം 14.8 ബില്യൺ ടോളറിന്റെ ചെലവുണ്ടാകുമെങ്കിലും ഇത്രയും പേർ രാജിവെയ്ക്കുന്നതുവഴി പ്രതിവർഷം 28 ബില്യൺ ഡോളർ സർക്കാരിന് ലാഭിക്കാനാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.
അതേസമയം രാജി സമർപ്പിച്ച സർക്കാർ ജീവനക്കാർ നിലവിൽ മന്ദഗതിയിലുള്ള തൊഴിൽ വിപണിയിലേക്കാകും പ്രവേശിക്കുക. ട്രമ്പിന്റെ താരിഫ് നയങ്ങൾ സൃഷ്ടിച്ച അനിശ്ചിതത്വം കാരണം 22,000 തൊഴിൽ ഒഴിവുകൾ മാത്രമാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. തൊഴിലില്ലായ്മ നിരക്ക് 4.3% ആയി ഉയർന്നു. ഇത് 2021-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.

