പത്തനംതിട്ട: തീർത്ഥാടന കാലം ആരംഭിച്ചതോടെ ശബരിമലയിൽ വൻ ഭക്തജന തിരക്ക്. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ നടപ്പന്തൽ നിറഞ്ഞുകവിഞ്ഞ് ക്യൂ മരക്കൂട്ടത്തിനടുത്തേക്ക് നീണ്ടു. മലകയറി കൂടുതൽപേർ എത്തിക്കൊണ്ടിരുന്നതിനാൽ നിന്നുതിരിയാൻ പോലും ഇടമില്ലാതെയായി.
നടപ്പന്തലിലെ ബാരിക്കേഡിനുള്ളിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഞെരുങ്ങിനിൽക്കേണ്ടിവന്നു. ഹരിവരാസനംപാടി നട അടച്ചതോടെ ഭക്തർക്ക് ചലിക്കാനാവാത്ത സ്ഥിതിയിലായി.
പോലീസിന്റെ എണ്ണത്തിലെ കുറവാണ് നിയന്ത്രണങ്ങൾ പാളാൻ പ്രധാന കാരണം. ഇതര സംസ്ഥാനത്തുനിന്നും മറ്റും എത്തിയവർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചതോടെ സ്ഥിതി കൂടുതൽ മോശമായി. സന്നിധാനത്തോ പരിസരത്തോ ഭക്തർക്ക് കുടിക്കാൻ വെള്ളംപോലും കിട്ടാത്ത അവസ്ഥയായിരുന്നു.

