ടെല്‍ അവീവ്: ഗാസയിൽ വംശഹത്യ നടത്തിയെന്നാരോപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മന്ത്രിമാർക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തുര്‍ക്കി. എന്നാൽ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ പി ആർ സ്റ്റണ്ട് മാത്രമാണ് നടപടിയെന്നാരോപിച്ച് ഇസ്രയേല്‍ ഈ ആരോപണങ്ങളെ പുച്ഛത്തോടെ തള്ളി. ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍, ഐഡിഎഫ്(ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ്) ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ എന്നിവര്‍ക്കെതിരെയാണ് തുര്‍ക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
അറസ്റ്റ് വാറണ്ടില്‍ ആകെ 37 പ്രതികളുണ്ടെന്ന് ഇസ്താംബൂള്‍ പ്രോസിക്യൂട്ടറുടെ ഓഫീസ് പറഞ്ഞു, എന്നാല്‍ പൂര്‍ണ്ണമായ പട്ടിക നല്‍കിയിട്ടില്ല. ഗാസയിൽ തങ്ങൾ നിർമ്മിച്ച ആശുപത്രിയിൽ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയെന്നാണ് തുർക്കിയുടെ ആരോപണം. എന്നാൽ ‘തുര്‍ക്കി-പലസ്തീന്‍ സൗഹൃദ ആശുപത്രി’ എന്ന ഈ ആശുപത്രി ഉപയോഗിച്ചിരുന്നത് ഹമാസായിരുന്നു. ഇസ്രയേലിന്റെ വലിയ വിമര്‍ശകനായ എർദോഗൻ കാലങ്ങളായി ഹമാസിനെ പിന്തുണയ്ക്കുകയാണ്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രയേലിനെതിരെ വംശഹത്യ ആരോപിച്ച് ദക്ഷിണാഫ്രിക്ക നല്‍കിയ കേസില്‍ തുര്‍ക്കിയും കക്ഷി ചേര്‍ന്നിരുന്നു. അതേസമയം, നെതന്യാഹുവിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച തുര്‍ക്കിയുടെ നടപടിയെ ഹമാസ് സ്വാഗതം ചെയ്തു.

